യാത്ര ചെയ്യുമ്പോൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ, യാത്രക്കിടെ പാസ്പോർട്ടും ലഗേജും കാബ് ഡ്രൈവർ തന്നെ മോഷ്ടിക്കുന്നത് ചിലപ്പോൾ ആദ്യമായായിരിക്കും കേൾക്കുന്നത്. കാംബ്രിഡ്ജിൽ നിന്നും ശ്രേയ വർമ എന്ന യുവതിയ്ക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്.
ലോഗൻ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് ഇന്ത്യയിലേക്ക് വിമാനം കയറുന്നതിനായി പോവുകയായിരുന്നു ശ്രേയ. ഇതിനിടെ അവൾ കയറിയ കാബിന്റെ ഡ്രൈവർ കാറിൽ നിന്ന് ഇറക്കിവിട്ടതിന് ശേഷം അവളുടെ പാസ്പോർട്ടടക്കം ലഗേജുമായി അവിടെ നിന്നും മുങ്ങുകയായിരുന്നു.
എങ്ങനെയെങ്കിലും ആ സാധനങ്ങൾ തിരികെ നൽകണം എന്ന് അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ശ്രേയ. ഹെഡ്ഡ്ഫോൺ എടുത്തില്ല എന്ന കാര്യം വാഹനത്തിൽ കയറിയപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത്. തുടർന്ന് വാഹനം തിരിക്കാനും കുറച്ച് നേരം കാത്തുനിൽക്കാനും കാബ് ഡ്രൈവറോട് അവൾ പറഞ്ഞു.
പിന്നാലെ ഹെഡ്ഡ്ഫോൺ എടുത്ത് തിരികെ എത്തിയപ്പോൾ കാബ് അവിടെ നിന്നും അപ്രത്യക്ഷമായിരുന്നു. ഡ്രൈവർ റൈഡും കാൻസൽ ചെയ്തിരുന്നു. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ രണ്ട് ബാഗുകൾ, പാസ്പോർട്ടും വിസയും മറ്റ് രേഖകളുമുള്ള മറ്റൊരു ബാഗ് ഇവയെല്ലാം ശ്രേയയ്ക്ക് നഷ്ടപ്പെട്ടു.
ശ്രേയ കാബ് ബുക്ക് ചെയ്തത് Lyft വഴിയാണ്. അവരുടെ കസ്റ്റമർ സർവീസിൽ ബന്ധപ്പെട്ടപ്പോൾ ഡ്രൈവറെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് അവർ പറഞ്ഞത് . പോലീസിലും ശ്രേയ പരാതി നൽകിയിട്ടുണ്ട്.