ദിവസങ്ങള്ക്കു മുമ്പ് അമ്മയുടെ ജീവന് രക്ഷിക്കാന് സഹായമഭ്യര്ഥിച്ച വര്ഷ എന്ന യുവതിയ്ക്കു നേരെ നിരവധി ആളുകളാണ് സഹായ ഹസ്തവുമായി ചെന്നത്.
50 ലക്ഷത്തിനു മുകളില് സഹായധനം ലഭിച്ചുവെന്നാണ് വിവരം. എന്നാല് ഇതേ യുവതി ഫേസ്ബുക്ക് ലൈവില് വീണ്ടുമെത്തിയത് പൊട്ടിക്കരഞ്ഞു കൊണ്ടാണ്.
അന്ന് സഹായിക്കാന് ഒപ്പം നിന്നവര് ഇന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് വര്ഷ പൊട്ടിക്കരയുന്നത്.
ഫോണില് വിളിച്ച് ഒട്ടേറെ പേര് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാന് കഴിയുന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വര്ഷ പറയുന്നു.
സമൂഹമാധ്യമങ്ങള് വഴി ചാരിറ്റി നടത്തുന്ന സാജന് കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വര്ഷ വീഡിയോ ചെയ്തിരിക്കുന്നത്.
അമ്മയുടെ ചികില്സയ്ക്കായി ലഭിച്ച പണത്തില് നിന്നും അവര് ആവശ്യപ്പെടുന്നവര്ക്ക് പണം നല്കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില് തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്ഷ.
അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നല്കാമെന്ന് പറഞ്ഞിട്ടും ഇവര് സമ്മതിക്കുന്നില്ലെന്ന് വര്ഷ പറയുന്നു.
ഇതേ ആശുപത്രിയില് തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികില്സയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തില് നിന്നും വര്ഷ നല്കിയിരുന്നു. ആ കുട്ടി ഇപ്പോള് സുഖം പ്രാപിച്ചുവരുന്നെന്നും വര്ഷ പറയുന്നു.
ഇനിയും ഒരുപാട് പണം അമ്മയുടെ ചികില്സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവര് പറയുന്നവര്ക്ക് നല്കണം എന്നു പറഞ്ഞ് ഒരുകൂട്ടര് എത്തുന്നത്.
പണം ഇപ്പോള് നല്കാന് കഴിയില്ലെന്ന് അറിയിച്ച വര്ഷയെ കുറിച്ച് സാജന് കേച്ചേരിയും ഫേസ്ബുക്കില് വീഡിയോ ചെയ്തിരുന്നു. ഇതിനു പിന്നാലെ ഭീഷണിപ്പെടുത്തിയുള്ള നിരവധി ഫോണ്കോളുകളാണ് വര്ഷയ്ക്കു വന്നു കൊണ്ടിരിക്കുന്നത്.