അഹമ്മദാബാദ്: അവിവാഹിതരായ സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ താക്കൂർ സമുദായക്കാരാണ് പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മൊബൈൽ ഉപയോഗത്തെ കുറ്റകൃത്യമായി കണക്കാക്കും. “കുറ്റക്കാരെന്ന്’ കണ്ടെത്തെുന്നവരുടെ മാതാപിതാക്കളിൽ നിന്ന് ഒന്നര ലക്ഷം രൂപ പിഴയീടാക്കാനും ജലൂലിൽ ഗ്രാമത്തിൽ കൂടിയ യോഗം തീരുമാനിച്ചു.
വിവാഹാവശ്യത്തിനുള്ള അധികച്ചെലവുകള്‍ ഒഴിവാക്കണമെന്നും അതുവഴി ആ പണം ലാഭിക്കാമെന്നും യോഗം നിർദേശിച്ചതായി സിലാ പഞ്ചായത്തംഗം ജയന്തിബായ് താക്കൂർ പറഞ്ഞു. മൊബൈൽ ഫോൺ വിലക്കിനെ കുറിച്ചും പിഴയീടാക്കുന്നതിനെ കുറിച്ചും യോഗത്തിൽ ചർച്ച നടത്തി. പത്ത് ദിവസത്തിന് ശേഷം കൂടുന്ന സമുദായ യോഗത്തിൽ നിയമം നടപ്പാക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രണയ വിവാഹത്തെ കുറ്റകൃത്യമായി കണക്കാക്കാനും സമുദായ അംഗങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. ഏതെങ്കിലും പെൺകുട്ടി മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ തങ്ങളുടെ ഭരണഘടനപ്രകാരം അത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഗ്രാമവാസികൾ പറഞ്ഞു. ജില്ലയിലെ പതിനൊന്നോളം ഗ്രാമങ്ങളിലാകും ‘ഭരണഘടന’ നിലവിൽ വരുന്നത്.
എന്നാൽ പെൺകുട്ടികൾക്ക് മൊബൈൽ വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് താക്കൂർ സമുദായ നേതാവും കോൺഗ്രസ് മുൻ എംഎൽഎയുമായ അൽപേഷ് താക്കൂർ പറഞ്ഞു. ഈ നിയമം ആൺകുട്ടികളുടെ കാര്യത്തിൽ ഏർപ്പെടുത്തിയിരുന്നെങ്കിൽ നല്ലതാകുമായിരുന്നു. തന്റെ ഒരു പ്രണയ വിവാഹമായിരുന്നെന്നും അതിനാൽ അതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.