ഇലന്തൂരില് നരബലി നടത്തിയ ഭഗവല് സിംഗിന്റെ ഭാര്യ ലൈലയുടെ പിടിയിലകപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പത്തനംതിട്ട സ്വദേശിന് എസ് സുമ.
സെപ്റ്റംബര് 10ന് വീട്ടില് വന്ന സുമയെ ലൈല ഭക്ഷണം കഴിക്കാന് ക്ഷണിച്ചുവെന്ന് സുമ പറയുന്നു. എന്നാല് അസ്വാഭാവികത തോന്നിയ സുമ ക്ഷണം നിരസിക്കുകയായിരുന്നു.
അടൂര് മഹാത്മജ ജനസേവ കേന്ദ്രം എന്ന സ്ഥാപനത്തില് ജോലി ചെയ്യുകയാണ് ഇടപ്പോള് ചരുവില് വീട്ടില് താമസിക്കുന്ന സുമ. അനാഥാലയത്തിന് വേണ്ടി പിരിവ് നടത്തുന്നതിന്റെ ഭാഗമായാണ് ഇലന്തൂരെത്തിയത്.
സുമ പിരിവിനു വേണ്ടി ഭഗവല് സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു. ഇവരെ രണ്ടുപേരെയും സുമക്ക് നേരത്തേ പരിചയമില്ല.
ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിട്ടുണ്ടാകും. റോഡ് വിജനമായിരുന്നു. ഒരു വീടിന്റെ മുന്ഭാഗത്തെ കാവിലേക്ക് നോക്കിയപ്പോള് ഒരു സ്ത്രീയെ കണ്ടു. മോളെ…നീ ഭക്ഷണം കഴിച്ചതാണോ ? ഇല്ലെന്നു പറഞ്ഞപ്പോള് ഇവിടെ നിന്ന് കഴിക്കാമെന്ന് അവര് പറഞ്ഞു.
വീട്ടില് ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ ഭക്ഷണം കഴിക്കാന് നിര്ബന്ധിക്കുകയായിരുന്നു.
സുമ ഭക്ഷണം കഴിക്കാന് കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോള് വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്ന് നിര്ബന്ധിച്ചു.
ഒരു പരിചയവുമില്ലാത്ത ഒരാള് ഭക്ഷണത്തിന് ക്ഷണിക്കുന്നതില് അസ്വാഭാവികത തോന്നിയ സുമ പെട്ടെന്നു തന്നെ അവിടെ നിന്ന് പോവുകയായിരുന്നു.
അതിനിടക്ക് ജനസേവന കേന്ദ്രത്തിലേക്ക് സംഭാവനയായി 60 രൂപ കൊടുക്കുകയും ചെയ്തു. ബാബു എന്ന പേരിലാണ് അതിന്റെ രസീത് നല്കിയത്.
ഇരുവരും സംസാരിക്കുന്നതിനിടെ മുതിര്ന്ന ഒരാള് പുറത്തേക്ക് വന്ന് നോക്കിയെന്നും സുമ പറയുന്നു. അത് ഭഗവല് സിങ്ങും ലൈലയും ആയിരുന്നുവെന്ന് സുമ ഇപ്പോള് മനസിലാക്കുന്നു.
ഏതായാലും ജീവന് നഷ്ടപ്പെടാത്തതിന്റെ ആശ്വാസത്തിലാണ് ഈ 45കാരി. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിര്ദേശമനുസരിച്ച് ലൈലയും ഭഗവല് സിങ്ങും നരബലിക്കായി രണ്ടാമത്തെ സ്ത്രീയെ തേടിനടക്കുന്ന സമയമായിരുന്നു സുമ പിരിവിന് പോയത്. ഈ സംഭവം നടന്ന് രണ്ടാഴ്ചക്കു ശേഷമാണ് പത്മ കൊല്ലപ്പെട്ടത്.
ഒക്ടോബര് 11നാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാര്ത്തകള് പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വില്പനക്കാരിയായ പത്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്.
പത്മത്തേയും തൃശൂര് സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവല് സിങ്ങും ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുള്പ്പെട്ട മൂവര് സംഘം കൊലപ്പെടുത്തിയത്.