സ്വന്തം ലേഖിക
കൊച്ചി: കൊച്ചി സിറ്റി പോലീസ് ജാഗ്രതയോടെ പ്രവർത്തിച്ചതു മൂലം കാണാതായ യുവതിയെ മണിക്കൂറുകൾക്കകം കണ്ടെത്തി. ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് മുപ്പത്തിരണ്ടുകാരി കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് വീടുവിട്ടിറങ്ങിയത്. യുവതിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ ഉടൻ പോലീസിൽ അറിയിച്ചു.
സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് യുവതിയെ കാണാനില്ലെന്ന വിവരം വീട്ടുകാർ ആദ്യം അറിയിച്ചത്. ഫോണ് കോളിന്റെ അടിസ്ഥാനത്തിൽ പോലീസ് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. തുടർന്ന് യുവതിയുടെ മൊബൈൽ ഫോണിലേക്ക് പോലീസ് വിളിച്ചപ്പോൾ നൊവേന പള്ളിയിലാണെന്ന് അവർ അറിയിച്ചു.
എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ തയാറായില്ല. ഇതോടെ യുവതി നഗരത്തിലെ ഏതെങ്കിലും പള്ളിയിൽ ഉണ്ടെന്ന നിഗമനത്തിലായി പോലീസ്. ഉടൻ തന്നെ പള്ളികളിൽ അന്വേഷണം നടത്താനായി പട്രോളിംഗ് ടീമിനെ ചുമതലപ്പെടുത്തി. ഇടറോഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സെൻട്രൽ പോലീസ് സ്റ്റേഷനിലെ സിഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഹൈക്കോർട്ട് ജംഗ്ഷനിൽ പരിശോധന നടത്തുന്നുണ്ടായിരുന്നു. പോലീസ് നിരന്തരം യുവതിയുടെ ഫോണിലേക്ക് വിളിച്ചു കൊണ്ടിരുന്നു.
എറണാകുളം ചാത്യാത്ത് പള്ളി പരിസരത്തുണ്ടായ പോലീസ് സംഘം രാത്രി പന്ത്രണ്ടോടെ ഒരു യുവതി മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നു പോകുന്നുണ്ടെന്ന വിവരം സിഐയെ അറിയിച്ചു. സിഐയും സംഘവും യുവതിക്കടുത്തെത്തിയെങ്കിലും യുവതി ഗോശ്രീ പാലം ലക്ഷ്യമാക്കി നടക്കുകയായിരുന്നു.
സിഐ വിജയശങ്കർ അവരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ വല്ലാർപാടം പള്ളിയിലേക്കെന്നു പറഞ്ഞു നടന്നു നീങ്ങി. ആ സമയത്ത് വനിതാ പോലീസ് ഇല്ലാതിരുന്നതിനാൽ തുടർന്ന് അതുവഴി വന്ന കുടുംബത്തിന്റെ സഹായം തേടി, യുവതിയെ അവിടെ തടഞ്ഞു നിർത്തി. വനിതാ പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കൗണ്സലിംഗ് നടത്തിയ ശേഷം അവരുടെ ഭർത്താവിനെയും ബന്ധുക്കളെയും വിളിച്ചുവരുത്തി അവർക്കൊപ്പംവിട്ടു. യുവതിയെ കാണാതായ ഉടൻത്തന്നെ കൃത്യമായ വിവരം പോലീസിനു നൽകാൻ കുടുംബാംഗങ്ങൾ തയാറായതുമൂലമാണ് അവരെ ഉടൻ കണ്ടെത്താനായതെന്ന് സിഐ എസ്. വിജയശങ്കർ പറഞ്ഞു.