ജീവിതത്തിൽ എല്ലാവർക്കും സ്വപ്നങ്ങളുണ്ടാകും. ചിലരുടെ സ്വപ്നം നിറവേറും. ചിലരുടേത് സ്വപ്നമായി മാത്രം അവശേഷിക്കും.
എന്നാൽ മെയ്റ അലൊൻസോയുടെ സ്വപ്നം കുറച്ചു കടുപ്പമാണ്. ജീവനോടെയിരിക്കെ സ്വന്തം മൃതസംസ്കാര ചടങ്ങുകൾ ആഘോഷമായി നടത്തുന്നതായിരുന്നു മെയ്റ അലൊൻസോ സ്വപ്നം.
ഡൊമിനിക്കൻ സ്വദേശി 59 കാരിയായ മെയ്റ 710 യൂറോ മുടക്കിയാണ് സ്വന്തം മൃതസംസ്കാരം നടത്തിയത്.
മെയ്റയുടെ സാൻഡിയാഗോയിലെ വീട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മൃതദേഹങ്ങൾ ഒരുക്കുന്നതു പോലെ പൂർണമായും വെള്ള വസ്ത്രമണിഞ്ഞ് തലയിൽ പൂക്കൾ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകൾ നടക്കുന്ന ഇടത്തേക്ക് മെയ്റ എത്തിയത്.
അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയിൽ കിടന്നു. മൃതദേഹമായി സ്വയം തോന്നിപ്പിക്കാൻ ഇടയ്ക്കിടയ്ക്ക് മൂക്കിൽ പഞ്ഞിയുംവെച്ചു.
മണിക്കൂറുകളോളം ശവപ്പെട്ടിയിൽ കിടന്ന ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ഈ സമയമത്രയും ചില ബന്ധുക്കൾ യഥാർത്ഥ മരണ ചടങ്ങിൽ എന്നപോലെ പോലെ കരയുകയും ചെയ്തു.
എന്നാൽ മറ്റു ചിലർ ഇതെല്ലാം കണ്ട് ചിരിച്ചുകൊണ്ട് ചിത്രങ്ങൾ പകർത്തുകയായിരുന്നു.
ശവപ്പെട്ടിക്കും ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് സൽക്കാരം നടത്തുന്നതിനും വേണ്ടിയാണ് പണമത്രയും ചെലവഴിച്ചത്.
ഇത്തരമൊരു ചടങ്ങ് നടത്തിയതിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു എന്ന് മെയ്റ പറയുന്നു. ശവപ്പെട്ടിക്കുള്ളിൽ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്.
അതിനാൽ തന്റെ പ്രിയപ്പെട്ടവർ ആരും അടുത്തൊന്നും മരിക്കരുത് എന്നാണ് മെയ്റയുടെ ആഗ്രഹം.
കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വാർത്തകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ജീവിതം ആഘോഷമാക്കുന്നതിനായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് വിമർശനങ്ങളോടുള്ള മെയ്റയുടെ പ്രതികരണം.
ഏപ്രിൽ അവസാനത്തോടെയായിരുന്നു മൃതസംസ്കാര ചടങ്ങുകൾ നടന്നത്.