ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ ജനക്കൂട്ടത്തിനു നടുവിൽ വെച്ച് ഭർത്താവ് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തർപ്രദേശിലാണ് സംഭവം. മർദ്ദനത്തിനു ശേഷം ഈ സ്ത്രീയെ കുറച്ചു ഗ്രാമവാസികൾ ലൈംഗീകമായി പീഡിപ്പിക്കുവാനും ശ്രമിച്ചിരുന്നു.
ഇരു കരങ്ങളും മരത്തിൽ കെട്ടിയിട്ടതിനു ശേഷം ഭർത്താവ് തന്റെ ബെൽറ്റ് ഉപയോഗിച്ചാണ് ഇവരെ ക്രൂരമായി മർദ്ദിച്ചത്. തുടർന്ന് ബോധം നഷ്ടമായ ഇവരെ കുറച്ചു ഗ്രാമവാസികൾ ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
നാളുകൾക്കു മുന്പ് കാമുകനൊപ്പം നാടുവിട്ടു പോയ ഇവരോട് കഴിഞ്ഞതെല്ലാം മറന്ന് പുതിയൊരു ജീവിതം ആരംഭിക്കാമെന്ന് ഭർത്താവ് അറിയിച്ചതിനെ തുടർന്നാണ് ഈ യുവതി ഇവിടേക്കു മടങ്ങി വന്നത്. ഇവർ ഗ്രാമത്തിൽ എത്തിയതിനെ തുടർന്ന് ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള ആളുകൾ ഇവർക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
പീഡനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ നൽകിയ പരാതിയെ തുടർന്ന് ഭർത്താവിനെതിരെയും മറ്റ് ആറു പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.