കറുപ്പിന് ഏഴഴക് എന്നൊക്കെ എല്ലാവരും പറയാറുണ്ടെങ്കിലും കറുത്ത നിറത്തിന്റെ പേരില്‍ അവഗണന അനുഭവിക്കുന്ന നിരവധി ആളുകളെ നമുക്ക് ഈ സമൂഹത്തില്‍ കാണാന്‍ സാധിക്കും. ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോയതിനു ശേഷം ജീവിതം കരുപ്പിടിപ്പിച്ച ഒരു യുവതിയുടെ അനുഭവങ്ങളാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇരുണ്ട നിറത്തിന്റെ പേരിലുണ്ടായ ദുരനുഭവങ്ങളാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെ വനിതാ ഫോട്ടോഗ്രാഫര്‍ പങ്കുവയ്ക്കുന്നത്.
സ്കൂള്‍ കാലം മുതല്‍ നേരിട്ടിരുന്ന പരിഹാസത്തിന് വില കൊടുത്തിരുന്നില്ല. മാതാപിതാക്കളുടെ ബന്ധുവീടുകളില്‍ എത്തുമ്പോള്‍ നിറം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും എന്ത് വസ്ത്രം ധരിക്കണമെന്നും ബന്ധുക്കള്‍ നിര്‍ദേശിക്കുമായിരുന്നു. നിറം അത്ര വലിയ പ്രശ്നമായി അന്നൊന്നും തോന്നിയിരുന്നില്ല. പരിഹാസം മടുത്ത് വളരെ കുറവ് ആളുകളെ മാത്രമാണ് സുഹൃത്തുക്കളായി ഉള്‍പ്പെടുത്തിയതെന്ന് യുവതി പറയുന്നു.
അങ്ങനെ ഒരുനാള്‍ ഓര്‍ക്കുട്ടില്‍ നിന്നാണ് അയാളെ പരിചയപ്പെടുന്നത്. എന്നെ പരിഹസിക്കാതെ ഏറെ കരുതലോടെ കൊണ്ടുപോവുന്ന വ്യക്തിത്വമായിരുന്നു. എന്നാല്‍ സാവധാനമാണ് കാര്യങ്ങള്‍ മാറിയത്. ഫെയര്‍ ആന്‍ഡ് ലവ്ലി ഉപയോഗിക്കണമെന്നെല്ലാം അദ്ദേഹം പറയാന്‍ തുടങ്ങി. ഒരിക്കല്‍ സുഹൃത്തുക്കളെയും രക്ഷിതാക്കളെയും പരിചയപ്പെടുത്താന്‍ കൊണ്ടുപോയി. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം എന്നെ വല്ലാതെ അവഗണിക്കാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ ലഭിച്ച മറുപടി എന്നെ തകര്‍ത്തു കളഞ്ഞു.
”എന്റെ സുഹൃത്തുക്കളുടെ വീട്ടുജോലിക്കാര്‍ക്ക് പോലും നിന്നേക്കാള്‍ നിറമുണ്ട്. ഇത്രയും വൃത്തികെട്ട നിറമുള്ള വിരൂപയായ നിന്നെ എന്റെ ഭാര്യയായി കാണാന്‍ എനിക്കും മാതാപിതാക്കള്‍ക്കും സാധിക്കില്ല”. എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു. അത് എന്നെ ഉലച്ചു. പിന്നീട് വീടിന് പുറത്തിറങ്ങാതായി. ആരോടും മിണ്ടാതായി. കാരണമെന്താണെന്ന് വീട്ടുകാര്‍ക്ക് മനസിലായില്ല.
ഒരു ദിവസം അമ്മ മുറിയിലെത്തിയിട്ട് ഇങ്ങനെ പറഞ്ഞു…’നീ എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും ആളുകള്‍ നിന്നെ നിറത്തിന്റെ പേരില്‍ വിമര്‍ശിക്കും. അപ്പോള്‍ പിന്നെ നിനക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തിട്ട് വിമര്‍ശനം കേട്ടാല്‍പോരേ. എന്തിന് വേണ്ടിയാണ് മുറിയില്‍ ചുരുങ്ങിക്കൂടുന്നത്”. ആ വാക്കുകള്‍ നല്കിയ ഊര്‍ജ്ജം ഏറെ വലുതായിരുന്നു. പരിഹസിച്ച ആളുകള്‍ക്ക് മുന്നിലൂടെ തന്നെ കാമറയെടുത്ത് ഇറങ്ങി. ഇന്ന് മികച്ച ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്നു. എന്റെ ധാരണകളെയാണ് ഫോട്ടോഗ്രഫി പൊളിച്ചെഴുതിയത്. നിറമില്ലാത്തതിന്റെയും നീണ്ട മുടിയില്ലാത്തതിന്റെയും പേരില്‍ പലരും പരിഹസിക്കാം പക്ഷേ അതില്‍ വീണ് പോകണോയെന്നത് നിങ്ങളുടെ മാത്രം തീരുമാനമാണെന്ന് യുവതി കുറിയ്ക്കുന്നു.