ശരീരസൗന്ദര്യത്തിൽ ചെറിയ പോരായ്മകൾ തോന്നുന്പോഴേ നിലവാരമില്ലാത്ത ക്ലിനിക്കുകളിൽ ചികിത്സ തേടുന്നവർക്കുള്ള മുന്നറിയിപ്പാണ് പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത തായ്ലൻഡ് സ്വദേശിനിയായ ഒരു യുവതിക്കുണ്ടായ ദുരനുഭവം. മൂക്കിൽ പ്ലാസ്റ്റിക് സർജറി നടത്തുവാനായാണ് ഇവർ ഹാത് യായ് നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു ക്ലിനിക്കിനെ സമീപിച്ചത്. കുറഞ്ഞ തുകയ്ക്കുള്ള ചികിത്സയായിരുന്നു ഇവിടെ ചികിത്സിക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. തുടർന്ന് ഇവർ സൗന്ദര്യവർധക ശസ്ത്രക്രീയയ്ക്ക് വിധേയയായി. മാത്രമല്ല ഇവരുടെ മൂക്കിൽ സിലിക്കോണ്‍ നിർമിതമായ ഒരു വസ്തു സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ നാളുകൾക്കുള്ളിൽ ശസ്ത്രക്രീയ നടത്തിയ ഭാഗത്ത് ത്വക്കിൽ അണുബാധ പിടിപ്പെട്ടു. മാത്രമല്ല ഇവരുടെ മൂക്കിൽ സ്ഥാപിച്ച സിലിക്കണ്‍ നിർമിത വസ്തു ത്വക്കിൽ കൂടി മൂക്കിൽ നിന്നും നെറ്റിയിലേക്ക് പുറത്തേക്കു തള്ളി വരാനും തുടങ്ങി. സംഭവം കണ്ട് പേടിച്ചുപോയ യുവതി ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിൽ ചെന്ന് പ്രശ്നം പറഞ്ഞെങ്കിലും തങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞ് ഇവരെ ക്ലിനിക്ക് അധികൃതർ കൈയൊഴിയുകയായിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ബാങ്കോക്കിൽ പ്രവർത്തിക്കുന്ന ഒരു പ്ലാസ്റ്റിക് സർജറി ക്ലിനിക് ഇവരെ ഏറ്റെടുക്കുകയായിരുന്നു. മാത്രമല്ല ഇവരുടെ പ്രശ്നം സൗജന്യമായി ചികിത്സിച്ചു ഭേദമാക്കുകയും ചെയ്തു. നിസാര തുകയിൽ അനുഭവ സന്പത്തില്ലാത്തവരുടെ പക്കൽ ഗൗരവകരമായ പ്ലാസ്റ്റിക് സർജറിക്ക് സമീപിക്കുന്നവർക്കുള്ള മുന്നറിയിപ്പായി മാറുകയാണ് ഈ യുവതിയുടെ അനുഭവം. മാത്രമല്ല തായ്ലൻഡിൽ പ്രവർത്തിക്കുന്ന പ്രശസ്ത കോസ്മറ്റിക് സർജറി ക്ലിനിക്കുകൾ ഈ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവെച്ച് എല്ലാവർക്കും മുന്നറിയിപ്പും നൽകുന്നുണ്ട്.