മഫ്തിയിലെത്തിയ വനിതാ പോലീസ് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തു, പെണ്‍കുട്ടികളുടെ കൈയ്യില്‍കേറി പിടിച്ചതോടെ നാട്ടുകാര്‍ ഇളങ്ങി, ആളുകൂടിയപ്പോള്‍ പോലീസുകാര്‍ മുങ്ങി !

Studentsകോട്ടയം: സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തോടു മഫ്തിയിലെത്തിയ വനിതാ പോലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നു പരാതി. പട്രോളിംഗിനായി എത്തിയ വനിതാ പോലീസുകാര്‍ വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. അപമര്യാദയായി പെരുമാറിയ വനിതാ പോലീസുകാര്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ജില്ലാ പോലീസ് ചീഫിനും ഡിവൈഎസ്പിക്കും വനിതാ കമ്മീഷനും പരാതി നല്‍കി.

ഇന്നലെ രാവിലെ 11.45ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളിലായിരുന്നു സംഭവം. എംജി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ വിദ്യാര്‍ഥികളായ ആറ് പെണ്‍കുട്ടികളടങ്ങുന്ന എട്ടംഗസംഘം കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനായാണ് സ്റ്റാന്‍ഡിലെത്തിയത്.

സ്റ്റാന്‍ഡില്‍ എത്തിയ സംഘത്തെ രണ്ടു വനിതകള്‍ ചോദ്യം ചെയ്യുകയായിരുന്നു. അനാവശ്യമായി ചോദ്യം ചെയ്തതിനെച്ചൊല്ലി വിദ്യാര്‍ഥികളുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ തങ്ങള്‍ വനിതാ പോലീസുകാരാണെന്നും പിങ്ക് പട്രോളിംഗിന്റെ ഭാഗമായാണ് എത്തിയതെന്നും പോലീസുകാര്‍ അറിയിച്ചു. വിദ്യാര്‍ഥികളാകട്ടെ പോലീസുകാരെന്നു വെളിപ്പെടുത്തുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നു പറഞ്ഞു. ഇതില്‍ ക്ഷുഭിതരായ വനിതാ പോലീസുകാര്‍ വിദ്യാര്‍ഥികളുടെ കൈപിടിച്ചു വലിക്കുകയും സ്‌റ്റേഷനിലേക്കു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതിനിടെ പോലീസുകാര്‍ വിവരം അറിയിച്ചതനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍നിന്ന് പോലീസ് സംഘവുമെത്തി. വിദ്യാര്‍ഥികളില്‍ രണ്ടു പേരോട് ജീപ്പിനുള്ളിലേക്കു കയറാന്‍ പറയുകയും ഇവരുടെ പേരും വിലാസവും എഴുതി എടുക്കുകയും ചെയ്തു. രണ്ടു പേരെയായി സ്‌റ്റേഷനിലേക്കു കൊണ്ടു പോകാനാവില്ലെന്നും എല്ലാവരെയും കൊണ്ടുപോകണമെന്ന് വിദ്യാര്‍ഥികളും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളും പോലീസും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടുകയും ചെയ്തു. പരാതി നല്‍കുമെന്നു പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ തങ്ങള്‍ക്കുതന്നെയാണു പരാതി ലഭിക്കുന്നതെന്നു വനിതാ പോലീസുകാര്‍ പരിഹസിച്ചു.

മര്യാദയോടെ നിന്നിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ വനിതാ പോലീസ് സംഘം തിരിയുകയായിരുന്നുവെന്നാരോപിച്ചു നാട്ടുകാരും രംഗത്ത് എത്തിയതോടെ സ്ഥിതി രൂക്ഷമായി. ഈസ്റ്റ് എസ്‌ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തിയതോടെ രംഗം ശാന്തമായി. തെറ്റിധാരണയെത്തുടര്‍ന്നാണു സംഘര്‍ഷം ഉടലെടുത്തതെന്നു എസ്‌ഐ വിശദീകരിച്ചതോടെ തങ്ങളെ അപമാനിച്ച വനിതാ പോലീസുകാര്‍ മാപ്പ് പറയണമെന്നു വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. പ്രശ്‌നത്തിനു തുടക്കമിട്ട രണ്ടു വനിതാ പോലീസുകാരും സ്ഥലത്തുനിന്നു മുങ്ങി.

Related posts