എട്ടു വയസുകാരിയായ പെണ്‍കുട്ടിയെ പരസ്യവിചാരണയ്ക്ക് വിധേയയാക്കിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
പോലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് 1,50,000 രൂപയും കോടതി ചെലവുകള്‍ക്കായി 25,000 രൂപയും ഈടാക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ തുക പോലീസ് ഉദ്യോഗസ്ഥയില്‍നിന്ന് ഈടാക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
കുട്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്നും പോലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ക്ക് നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന് ബെഞ്ചിന് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും പിന്നീട് നഷ്ടപരിഹാരം നല്‍കാമെന്നും തുക ഉദ്യോസ്ഥയില്‍നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
പിങ്ക് പോലീസിന്റെ ജീപ്പിലെ ബാഗില്‍ നിന്നു പോലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നാട്ടുകാരുടെ മുന്നില്‍ ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതെന്നാണ് കേസ്.
നടുറോഡില്‍ പെണ്‍കുട്ടിയെ വിചാരണ ചെയ്ത വനിതാ പോലീസ്, അച്ഛനെയും മകളെയും സ്റ്റേഷനില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്നും ഭീഷണിപ്പെടുത്തി.
കുട്ടിയെയും കൊണ്ട് മോഷ്ടിക്കാനിറങ്ങിയതാണെന്നു പിതാവിനു നേരെ ആരോപണം ഉയര്‍ത്തി. പോലീസുകാരിയുടെ മൊബൈല്‍ ഫോണ്‍ പിന്നീട് ബാഗില്‍നിന്നു തന്നെ കണ്ടു കിട്ടി.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ ഹര്‍ജിയിലാണ്, പെണ്‍കുട്ടിക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരിയായ രജിത എന്ന പോലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.