ഇടുക്കി: കേരളത്തെ നടുക്കിയ നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശാലിനി. കൊല്ലപ്പെട്ട രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലീസുകാരില്‍ നിന്നുണ്ടായതെന്ന് ശാലിനി പറഞ്ഞു. ഒമ്പത് പൊലീസുകാരാണ് മര്‍ദ്ദിച്ചത്. പൊലീസുകാരുടേതു കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നു. തന്നെ മര്‍ദ്ദിച്ച പൊലീസുകാരുടെ പേരുകള്‍ അറിയില്ല. പക്ഷേ ഈ പൊലീസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ശാലിനി കൂട്ടിച്ചേര്‍ത്തു.
‘വനിതാ പൊലീസുകാരായ ഗീതു, റസിയ എന്നിവര്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലീസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ച് ഒഴിക്കുകയും ചെയ്തു’ ശാലിനി വെളിപ്പെടുത്തി. ‘വരുന്ന പൊലീസുകാരെല്ലാവരും രാജ്കുമാറിനെ തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര് കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്ഐ പച്ചമുളക് ഞെരടി’ ശാലിനി വ്യക്തമാക്കി. തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്പിയുടെയും ഡിവൈഎസ്പിയുടെയും വാദത്തെ പാടെ തള്ളുകയാണ് ശാലിനി. എസ്പിക്കും ഡിവൈഎസ്പിക്കും ഒക്കെ വിവരമറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.
ഹരിതാ ഫിനാന്‍സിയേഴ്സില്‍ രാജ് കുമാറാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും രാജ് കുമാറിന്റെ കൈയില്‍ ക്യാഷര്‍മാര്‍ പണം ഏല്‍പ്പിച്ചിരുന്നുവെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. കിട്ടിയ പണം അത്രയും ഹതിതാ ഫിനാന്‍സിനു വേണ്ടി തന്നെ നിക്ഷേപിച്ചുവെന്നും ശാലിനി പറഞ്ഞു. പണം നാസറിനെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് രാജ് കുമാര്‍ പറഞ്ഞതെന്നും നാസറിനെ താന്‍ കണ്ടിട്ടില്ലെന്നും ശാലിനി പറഞ്ഞു. രാജുവിനെ താന്‍ കണ്ടിട്ടുണ്ടെന്നും രാജു നാസറിനെ ഗുണ്ടയെന്ന പേരിലാണ് പരിചയപ്പെട്ടതെന്നും ശാലിനി പറഞ്ഞു.
തന്റെ അറിവില്‍ പതിനഞ്ച് ലക്ഷം രൂപയാണ് പിരിച്ചെടുത്തിരിക്കുന്നതെന്നും പണം കുമളിയിലേക്ക് കൊണ്ടുപോയ ശേഷം എങ്ങോട്ട് പോയെന്ന് അറിയില്ലെന്നും കുമളിയില്‍ നിന്ന് പണം എങ്ങോട്ട് പോയെന്ന് പ്രതികരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും ശാലിനി പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് രാജ് കുമാറിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നുവെന്നും എഴുതപതിനായിരം രൂപക്ക് മുകളിലുള്ള തുകയുണ്ടായിരുന്നുവെന്നും ശാലിനി പറഞ്ഞു.പണത്തിന് വേണ്ടിയാണ് ക്രൂരമായ മര്‍ദ്ദനമുണ്ടായതെന്നും ശാലിനി സൂചിപ്പിച്ചു. ഷുക്കൂര്‍ എന്ന പൊലീസുകാരന് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശാലിനി പറഞ്ഞു.
നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മര്‍ദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാല്‍, പൊലീസുകാരുടെ മര്‍ദ്ദനം കൊല്ലാന്‍ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു. ശാലിനിയുടെ വെളിപ്പെടുത്തലിനെ കേരളമാകെ ഞെട്ടലോടെ കാണുകയാണ് ഇപ്പോള്‍.