വീട്ടുവേലക്കാരി പണവും ആഭരണങ്ങളും വാച്ചും മോഷ്ടിച്ച് ഭര്‍ത്താവിനെ ഏല്പിച്ചു. മോഷണ സാധനങ്ങളുമായി പോയ കള്ളനെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ടീം ഓടിച്ചിട്ടു പിടിച്ചു. കോട്ടയം നഗരത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. വണ്ടിപെരിയാര്‍ ഡൈമുക്ക് എസ്റ്റേറ്റില്‍ വാസക്കാരനായ മുരുകേശന്(38) ഭാര്യ ലക്ഷി(32) എന്നിവരാണു കോട്ടയം വനിതാ പോലീസ് സ്റ്റേഷനിലെ പിങ്ക് പോലീസ് ടീം അംഗങ്ങളായ എഎസ്ഐ മിനി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദു, ആര്യ എന്നിവരുടെ പിടിയിലായത്.
കോട്ടയം ചുങ്കത്ത് കിഴക്കേക്കര വിമല കോശിയുടെ വീട്ടില്‍ ഹോം നഴ്സിംഗ് ഏജന്‍സി മുഖേന രണ്ടു മാസം മുന്‍പ് ജോലിക്കു വന്ന ലക്ഷ്മി 98,500 രൂപയും വജ്രം പതിച്ച രണ്ടു മോതിരവുമാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി വീടിനു സമീപം എത്തിയ മുരുകേശനെ ലക്ഷ്മി ഇഇവ കൈയേല്പ്പിച്ചു. ബസില്‍ സ്ഥലം വിടാന്‍ കോട്ടയം നഗരത്തിലെത്തുമ്പോള്‍ തിരുനക്കരയില്വച്ചാണ് സംശയാസ്പദമായ നിലയില്‍ വനിതാ പോലീസ് മുരുകേശനെ കണ്ടു ചോദ്യം ചെയ്തത്. സംഭവത്തെകുറിച്ച് ജില്ലാ പോലീസ് ചീഫ് എന്‍ രാമചന്ദ്രന് രാഷ്ട്രദീപികയോട് പറഞ്ഞതിങ്ങനെ:
പതിവ് പെട്രോളിംഗിന്റെ ഭാഗമായി ഇറങ്ങിയ പിങ്ക് പോലീസ് തിരുനക്കര ഭാഗത്തു ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കുശേഷം ഒന്നിനു ജീപ്പില്‍ വരുമ്പോള്‍ സംശയാസ്പദമായ നിലയില്‍ മുരുകേശനനെ കാണാനിടയായി. ചോദ്യം ചെയ്തപ്പോള്‍ കെട്ടിട നിര്‍മാണ ജോലി കഴിഞ്ഞു വരുയാണെന്നാണ് ഇയാള്‍ മറുപടി പറഞ്ഞത്. സംശയം തോന്നിയ പോലീസ് ഇയാളുടെ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോള്‍ ബഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ പണവും, സ്വര്‍ണവും, വാച്ചും കണ്ടെത്തി. ഇതുനിടയില്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ വനതി പോലീസ് ഓഫീസര്‍മാരായ മിനിയും ബിന്ദുവും, ആര്യയും ഡ്രൈവര്‍ ജെസ്റ്റിന് ജോസും ചേര്‍ന്ന് ഓടിച്ചിട്ട് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മിയെ ചുങ്കത്തെ വീട്ടില്‍ നിന്നു പിടികൂടിയത്.
വീട്ടുടമസ്ഥയുടെ പ്രീതി പിടിച്ചുപറ്റിയശേഷം എല്ലാ മുറികളിലും കയറാന്‍ സ്വാതന്ത്ര്യം നേടിയെടുത്തശേഷമാണ് ലക്ഷ്മി ഇവിടെനിന്നും 98,500 രൂപയും രണ്ടു വജ്രമോതിരവും, ഗോള്‍ഡ് വാച്ചും മോഷ്ടിച്ച് മുന്‍കൂര്‍ പദ്ധതി തയാറാക്കി ഭര്‍ത്താവിനെ വിളിച്ച് നല്‍കുകയായിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന പോലീസ് പ്രത്യേക പരിശീലനം നല്കിയ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ടീമാണ് പിങ്ക് പോലീസ്.