എം. സുരേഷ്ബാബു
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരെ പാർപ്പിക്കാൻ ഇടമില്ലാതായതോടെ ഇവരെ അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലേക്ക് മാറ്റും. പുജപ്പുര സെൻട്രൽ ജയിലിലെ പുരുഷ തടവുകാരെയാണ് അട്ടക്കുളങ്ങര ജയിലിൽ പാർപ്പിക്കുക. ദക്ഷിണ മേഖലാ ജയിൽ ഡിഐജി ടി. സുധീറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ നടപടികൾക്ക് നിർദേശം നൽകി.
700 തടവുകാരെ പാർപ്പിക്കാൻ മാത്രം സൗകര്യമുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ നിലവിൽ 1400 -ഓളം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. തടവുകാരുടെ എണ്ണത്തിലെ വർധനയും സ്ഥലപരിമിതിയും തടവുകാർ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് കുറയ്ക്കാൻ ജയിൽമാറ്റം ഗുണം ചെയ്യുമെന്നാണ് ദക്ഷിണ മേഖലാ ജയിൽ ഡിഐജി നൽകിയിരിക്കുന്ന റിപ്പോർട്ട്.
300 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള അട്ടക്കുളങ്ങര വനിതാ ജയിലിൽ നിലവിൽ അറുപതിൽ താഴെയുള്ള വനിതാ തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള വനിതാ തടവുകാരെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും.
വനിതാ തടവുകാരെ പാർപ്പിക്കുന്ന ജയിലിന് പ്രത്യേക പ്രവേശന കവാടവും അഡ്മിനിസ്ട്രേഷൻ വിഭാഗവും പ്രത്യേകമാക്കും അട്ടക്കുളങ്ങരയിൽ നിന്നും വനിതാ തടവുകാരെ മാറ്റി പാർപ്പിക്കുന്നതോടെ അട്ടകുളങ്ങര ജയിലിൽ പൂർണമായും പുരുഷ തടവുകാരെ പാർപ്പിക്കാൻ സൗകര്യമൊരുങ്ങും.
2011 വരെ വനിതാ തടവുകാരെ പാർപ്പിച്ചിരുന്നത് സെൻട്രൽ ജയിലിലെ പ്രത്യേക ബ്ലോക്കിലായിരുന്നു. വനിതാ തടവുകാരുടെ സ്വകാര്യതയ്ക്കും തൊഴിൽ ചെയ്യാനും ബന്ധുക്കളുടെ സന്ദർശനവും കണക്കിലെടുത്താണ് അട്ടക്കുളങ്ങരയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ജയിലിലെ പുരുഷ തടവുകാരെ സെൻട്രൽ ജയിൽ കോമ്പൗണ്ടിൽ സ്പെഷൽ ജയിലിലേക്ക് മാറ്റിയത്. ഇതേ തുടർന്ന് അട്ടക്കുളങ്ങരയിലേത് വനിതാ ജയിലാക്കി മാറ്റുകയായിരുന്നു.
പൂജപ്പുരയിൽ നേരത്തെ വനിതാ തടവുകാരെ പാർപ്പിച്ചിരുന്ന ബ്ലോക്ക് ഇപ്പോൾ ഉപയോഗിക്കുന്ന ചപ്പാത്തി യൂണിറ്റിൽ ജോലി നോക്കുന്ന തടവുകാരാണ്. അട്ടക്കുളങ്ങരയിലെ വനിതാ തടവുകാരെ പൂജപ്പുരയിലേക്ക് എത്തിയ്ക്കുന്നതിന് മുൻപായി ചപ്പാത്തി യൂണിറ്റിലെ പുരുഷ തടവുകാരെ വേറെ ബ്ലോക്കിലേക്ക് മാറ്റും.
അലക്സാണ്ടർ ജേക്കബ് ജയിൽ മേധാവിയായിരിക്കെയാണ് അട്ടക്കുളങ്ങര വനിതാ ജയിൽ പ്രവർത്തനമാരംഭിച്ചത്. അതിന് മുൻപ്് അട്ടക്കുളങ്ങരയിലായിരുന്നു ജില്ലാ ജയിൽ പ്രവർത്തിച്ചിരുന്നത്. വധശിക്ഷയ്ക്കും ജീവപര്യന്തം കഠിനതടവിനും ശിക്ഷിയ്ക്കപ്പെട്ട് കഴിയുന്ന തടവുകാരെ ഉൾപ്പെടെ പാർപ്പിച്ചിരിക്കുന്നത് സെൻട്രൽ ജയിലിലാണ്.
കോടതി വധശിക്ഷയ്ക്ക് വിധിച്ച ഒൻപത് തടവുകാരെ പാർപ്പിച്ചിരിക്കുന്നത് സെൻട്രൽ ജയിലിലാണ്. അതേ സമയം വനിതാ ജയിൽ മാറ്റത്തിനെതിരെ വനിതാ ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.