സമൂഹമാധ്യമത്തില് ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച് തന്നെ ജോലിയില് നിന്നും പുറത്താക്കിയെന്ന ആരോപണവുമായി വനിതാ പ്രൊഫസര്.
കൊല്ക്കത്ത സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി.
അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം, തന്റെ മകന് നോക്കിക്കൊണ്ടിരിക്കുന്നു എന്നാരോപിച്ച് ഒരു രക്ഷിതാവ് നല്കിയ പരാതിയെത്തുടര്ന്നാണ് ഇവര്ക്കെതിരേ നടപടിയെടുത്തത്.
ഒന്നാം വര്ഷ അണ്ടര് ഗ്രാജ്വേറ്റ് ബിരുദ വിദ്യാര്ത്ഥിയായ മകന് ഇന്സ്റ്റഗ്രാമില് അധ്യാപികയുടെ അശ്ലീല ചിത്രങ്ങള് കാണുന്നുവെന്നാരോപിച്ചാണ് പിതാവ് കഴിഞ്ഞവര്ഷം യൂണിവേഴ്സിറ്റിക്ക് രേഖാമൂലം പരാതി നല്കിയത്.
നവമാധ്യമത്തിലെ പ്രൊഫസറുടെ ചിത്രം അശ്ലീലവും നഗ്നതയുടെ പരിധി ലംഘിക്കുന്നതുമാണെന്നും പരാതിയില് ആരോപിക്കുന്നു.
ഇതേത്തുടര്ന്ന് 2021 ഒക്ടോബറില് യൂണിവേഴ്സിറ്റി അധികൃതരുടെ യോഗത്തില് സെന്റ് സേവ്യേഴ്സ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര് പരാതിയെക്കുറിച്ച് അറിയിക്കുന്നു.
അധ്യാപികയുടെ ചിത്രങ്ങളുടെ പകര്പ്പും വിസി യോഗത്തില് കാണിച്ചു. എന്നാല് ആരോപണം അധ്യാപിക നിഷേധിച്ചു. തുടര്ന്ന് ജോലി ഉപേക്ഷിക്കാന് തന്റെ മേല് സമ്മര്ദ്ദം ഉണ്ടായതായും പ്രൊഫസര് പറയുന്നു.
എന്നാല് അധ്യാപിക സ്വമേധയാ രാജിവെച്ചതാണെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്. അതിനിടെ തന്റെ പ്രൈവറ്റ് ഇന്സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങള് ചോര്ത്തിയെടുത്ത് പ്രചരിപ്പിച്ചതായി കാണിച്ച് മുന് അധ്യാപിക പൊലീസില് പരാതി നല്കിയിരിക്കുകയാണ്.
തനിക്ക് നേരെയുണ്ടായത് സ്വഭാവഹത്യയും ലൈംഗിക അതിക്രമവും ആണെന്നും അധ്യാപിക ആരോപിക്കുന്നു.