മുംബൈ: മരണം മുന്നിൽകണ്ട സ്ത്രീക്കു രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ. മുംബൈ നലസൊപര റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽനിന്നു വീഴാൻ തുടങ്ങവെയാണ് ഗോപാൽ കൃഷ്ണറാവു എന്ന പോലീസുകാരൻ അൻപത്തഞ്ചുകാരിയെ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ട്രെയിനിൽ കയറാനായി സ്ത്രീ പടിയിൽ ചവിട്ടിയപ്പോഴേയ്ക്കും ട്രെയിൻ വേഗത പ്രാപിച്ചു. ട്രെയിനിൽനിന്നു പിടിവിടാതിരുന്ന സ്ത്രീയെ വലിച്ച് ട്രെയിൻ മുന്നോട്ടോടി. ഇടയ്ക്കുവച്ച് സ്ത്രീ നിലത്തുവീണു. എന്നിട്ടും ഇവർ ട്രെയിനിൽനിന്നു പിടിവിട്ടിരുന്നില്ല. സ്ത്രീയെ വലിച്ച് ട്രെയിൻ മുന്നോട്ടുപോകുന്നതു ശ്രദ്ധയിൽപ്പെട്ട ഗോപാൽ കൃഷ്ണറാവു ഞൊടിയിടയിൽ ഇവർക്കടുത്ത് ഓടിയെത്തി സ്ത്രീയെ പിന്നോട്ടു വലിച്ചെടുക്കുകയായിരുന്നു. നിലത്തുവീണ സ്ത്രീയുടെ കാൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ പെടുന്നതിനു മുന്പ് ഇവരെ രക്ഷിച്ചെടുക്കാൻ ഗോപാൽ കൃഷ്ണറാവുവിനായി.
അപകടത്തിനിരയായ സ്ത്രീക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. ജയ്പുർ സ്വദേശിയായ ഇവർ ബോറിവല്ലിയിൽ താമസിക്കുന്ന മകളെ സന്ദർശിക്കുന്നതിനായാണ് മുംബൈയിലെത്തിയത്. ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് സബ് ഇൻസ്പെക്ടറായ ഗോപാൽ കൃഷ്ണറാവു നലസൊപര റെയിൽവേ സ്റ്റേഷനിലെത്തിയത്.
In two similar incidents, an RPF cop and TC saves passengers from falling into the gap between the railway tracks #kalyan #nalasopara pic.twitter.com/chQoZACtyM
— Mumbai Live (@MumbaiLiveNews) September 9, 2017