യുവതിയെ തുടര്ച്ചയായി 79 ദിവസം പൂട്ടിയിട്ട് ക്രൂരമായി ബലാല്സംഗം ചെയ്ത് മന്ത്രവാദി. ഒടുവില് പോലീസെത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
ഒഡിഷയിലെ ബലസോറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മന്ത്രവാദിയാണ് യുവതിയെ മുറിയില് പൂട്ടിയിട്ട് 79 ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയത്.
യുവതിയുടെ രണ്ടര വയസുള്ള മകന്റെ കണ്മുമ്പില് വെച്ചായിരുന്നു ഇയാളുടെ ക്രൂരത. മന്ത്രവാദിയുടെ വീട്ടില് പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില് പൂട്ടിയിട്ട് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി മൊഴി നല്കി.
രണ്ടര വയസുള്ള മകന്റെ കണ്മുമ്പിലിട്ടാണ് ബലാത്സംഗം ചെയ്തെന്നും യുവതി പോലീസിനോട് പറഞ്ഞു.
സംഭവത്തില് മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്ത്താവിനെതിരേയും പോലീസ് കേസെടുത്തു. ഭര്തൃ മാതാപിതാക്കളും കേസിലെ പ്രതികളാണ്.
ദാമ്പത്യ പ്രശ്നങ്ങള് പരിഹരിക്കാനെന്ന് പറഞ്ഞാണ് ഭര്ത്താവും ഭര്തൃ മാതാപിതാക്കളും യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്.
2017ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില് ഭര്ത്താവിന്റെ വീട്ടില് നിരന്തരം ഉപദ്രവം നേരിട്ടു.
യുവതിയും ഭര്ത്താവും തമ്മിലും പ്രശ്നങ്ങള് രൂക്ഷമായി. അടുത്തിടെയാണ് മന്ത്രവാദി ഭര്തൃവീട്ടിലെത്തി എല്ലാ പ്രശ്നങ്ങള്ക്കും പരിഹാരമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്.
യുവതിയെ ഏതാനും മാസം തന്നോടൊപ്പം താമസിപ്പിച്ചാല് പ്രശ്നങ്ങള്ക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.
എന്നാല് യുവതി ഇതിന് വിസമ്മതിച്ചു. തുടര്ന്ന് ഭര്തൃ മാതാവ് മയക്കുമരുന്ന് നല്കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
തനിക്ക് ബോധം വന്നപ്പോള് മന്ത്രവാദിയുടെ മുറിയിലായിരുന്നു. രണ്ടര വയസുള്ള മകനും മുറിയിലുണ്ടായിരുന്നു.
തുടര്ന്ന് 79 ദിവസം തുടര്ച്ചയായി മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിയില് പറയുന്നു.
തടങ്കലില് പാര്പ്പിച്ച യുവതിക്കും കുഞ്ഞിനും മന്ത്രവാദി ഭക്ഷണം നല്കിയിരുന്നു. ഏപ്രില് 28ന് ഇയാള് മൊബൈല് ഫോണ് എടുക്കാതെ വീട്ടില് നിന്ന് പുറത്തുപോയി. ഇതോടെയാണ് വിവരം മറ്റുള്ളവരെ അറിയിക്കാനായതെന്നും യുവതി പറയുന്നു.
മൊബൈല് ഫോണ് കൈക്കലാക്കിയ യുവതി മാതാപിതാക്കളെ വിളിച്ചാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
തുടര്ന്ന് കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
അതിനിടെ പോലീസ് എത്തിയപ്പോഴേക്കും മന്ത്രവാദി വീട്ടില് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്ക്കു വേണ്ടിയുള്ള തിരച്ചില് തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.