മുഖത്ത് രോമങ്ങളുള്ളതിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന സ്ത്രീകൾ നിരവധിയാണ്. പലപ്പോഴും സമൂഹത്തിന്റെയോ പുരുഷന്മാരുടെയോ സങ്കല്പത്തിന് അനുസരിച്ച് തങ്ങളുടെ രൂപത്തിൽ മാറ്റം വരുത്താൻ സ്ത്രീകൾ ശ്രമിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തയാവുകയാണ് 31 -കാരിയായ ഈ ഡാനിഷ് യുവതി.
തന്നെ പ്രേമിക്കാനോ അല്ലെങ്കിൽ വിവാഹം കഴിക്കാനോ വരുന്ന യുവാക്കളോട് ഒറ്റക്കാര്യം മാത്രമേ കോപ്പൻഹേഗനിൽ നിന്നുള്ള എൽഡിന ജഗൻജാക്കിന് പറയാനുള്ളൂ. മുഖത്ത് കൂട്ടുപുരികമുണ്ട്, മീശപോലെ രോമങ്ങളുണ്ട്. ഇതൊക്കെ അംഗീകരിക്കാനാവുമെങ്കിൽ മാത്രം സ്നേഹിക്കാം. അല്ലാതെ അതൊക്കെ ഇടയ്ക്കിടെ ഷേവ് ചെയ്തോ ട്രിം ചെയ്തോ ഒക്കെ കളയും എന്ന് കരുതി വരണ്ട എന്നാണ്. എൽഡിന ഈ തീരുമാനം എടുത്തത് 2020 മാർച്ചിലാണ്.
കൂട്ടുപുരികം ഇനി ത്രെഡ്ഡ് ചെയ്യുന്നില്ല, മുഖത്തെ രോമമൊന്നും ഷേവ് ചെയ്ത് കളയുന്നുമില്ല. ഈ സമൂഹത്തിൽ സ്ത്രീകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ പുരുഷന്മാരേക്കാൾ കൂടുതൽ കഠിനപ്രയത്നം നടത്തണം. ഒരുപാട് പണവും സമയവും അതിന് വേണ്ടി ചിലവാക്കണം. പുരുഷന്മാർ അവരുടെ മീശയോ, പുരികമോ ഒക്കെ ഉള്ളത് പോലെ തന്നെ വച്ചാൽ ആരും ഒന്നും പറയില്ല. എന്നാൽ, സ്ത്രീകൾ അങ്ങനെയല്ല അവർ പരിഹസിക്കപ്പെടും എന്നാണ് എൽഡിന പറയുന്നത്
ഇതുപോലെയുള്ള സ്ത്രീകളെ കാണുന്നത് പുരുഷന്മാർക്കും വലിയ ബുദ്ധിമുട്ടാണ് എന്നും അവൾ വ്യക്തമാക്കി. ‘തന്റെ ഈ രൂപം കാരണം പലപ്പോഴും പല പുരുഷന്മാരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ഒരിക്കൽ ഒരു യുവാവ് തന്നോട് കൂട്ടുപുരികം ത്രെഡ്ഡ് ചെയ്യാൻ പറഞ്ഞ് അലറിയിട്ടുണ്ട്. മറ്റൊരിക്കൽ ഒരാൾ തനിക്കെന്തോ രണ്ട് തലകൾ ഉള്ളത് പോലെയാണ് തന്നെ തുറിച്ച് നോക്കിയത്’ എന്നും എൽഡിന പറയുന്നു. തന്റെ ഈ രൂപത്തിൽ താൻ ഹാപ്പിയാണെന്നും ആരെയും തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കുവാനോ വേണ്ടി രൂപത്തിൽ മാറ്റം വരുത്താൻ തയാറല്ലന്നും യുവതി പറഞ്ഞു.