തലശേരി: സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം തലശേരി എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു.പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ പൊന്നമ്പത്ത് മീത്തൽ പി.ടി. ബജിത (37) ചികിത്സക്കിടയിൽ ശനിയാഴ്ച രാത്രിയിൽ മരണമടഞ്ഞ സംഭവത്തിലാണ് എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വാഷണം ഊർജിതമാക്കിയിട്ടുള്ളത്.
ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ബജിതയും മകളും പനിയെ തുടർന്ന് ചികിത്സ തേടി നഗരമധ്യത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഇരുവരേയും ചികിത്സിക്കുന്നതിനിടയിൽ ബജിതയുടെ നില ഗുരുതരമാകുകയും ബജിതയെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ, ആശുപത്രിയിലെത്തുന്നതിനു മുമ്പ് ബജിത മരണമടഞ്ഞിരുന്നു. ബജിതയുടെ വായിൽ നിന്നും നുരയും പതയും വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു ഡോക്ടറും ബജിതയോടൊപ്പം ആംബുലൻസിൽ സഹകരണ ആശുപത്രിയിലെത്തിയിരുന്നു.
എന്നാൽ ബജിത മരണ പ്പെട്ട വിവരം അറിഞ്ഞതോടെ ഡോക്ടർ സ്ഥലം വിട്ടതായും ചികിത്സ സംബന്ധിച്ച ഒരു രേഖയും സ്വകാര്യ ആശുപത്രിയിൽ നിന്നും സഹകരണ ആശുപത്രിയിലെത്തിച്ചില്ലെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രദാസന്റെ നേതൃത്വത്തിൽ നാട്ടുകാർ രാത്രിയിൽ തന്നെ ആശുപത്രിയിലെത്തി.സംഭവത്തിൽ എ.എൻ. ഷംസീർ എംഎൽഎയും ഇടപെട്ടു. ബജിതയെ സഹകരണ ആശുപത്രിയിലെത്തിച്ച ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു.സിഐ എം.പി.ആസാദിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്തെത്തി.
ഇതിനിടയിൽ ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും പരസ്പര വിരുദ്ധമായാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരോട് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം സംസ്കരിച്ചു. ഭർത്താവ്: പി.വി.മോഹൻദാസ് (ജ്വല്ലറി വർക്സ്). മക്കൾ: ശിവദ (വിദ്യാർഥി, സേക്രട്ട് ഹാർട്ട് സ്കൂൾ, തലശേരി), വരദ (വിദ്യാർഥി അമൃത സ്കൂൾ പുന്നോൽ). വള്ള്യായിലെ പി.ടി.ബാലൻ-രാധ ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബവിത്ത് (മൊകേരി സർവീസ് സഹകരണ ബേങ്ക്), വരുൺ (അക്കൗണ്ടന്റ് ഷാസി ഓഡിറ്റോറിയം).