മരണത്തെ മുഖാമുഖം കാണുന്ന സന്ദര്ഭത്തിലൂടെ ചില മനുഷ്യരെങ്കിലും കടന്നുപോവാറുണ്ട്.
പലരും ഇത്തരം സാഹചര്യത്തില് നിന്ന് രക്ഷപ്പെടുന്നത് ദൈവദൂതരെപ്പോലെ അവിചാരിതമായി അവിടെയെത്തുന്ന ചില ആളുകളുടെ സഹായം കൊണ്ടാണ്.
അത്തരം ഒരു അനുഭവം പങ്കുവയ്ക്കുകയാണ് യുകെ സ്വദേശിയായ യുവതി. ട്രെയിന് വരുന്നതിനു നിമിഷങ്ങള്ക്കു മുന്പ് ട്രാക്കില് നിന്നും തന്നെ രക്ഷിച്ച അപരിചിതനെ തിരയുകയാണ് അവര്.
21കാരിയായ ടെഗന് ബദ്ഹാമാണ് തനിക്കുണ്ടായ അനുഭവം പറയുന്നത്. ട്രെയിന് പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്പ് യുവതി ട്രാക്കിലേക്കു വീഴുകയായിരുന്നു.
അപരിചിതനായ ഒരാള് പെട്ടെന്ന് തന്നെ ട്രാക്കില് നിന്നും വലിച്ചു കയറ്റുകയായിരുന്നു എന്നും യുവതി പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ജീവന് രക്ഷിച്ചതെന്നും യുവതി വ്യക്തമാക്കി.
‘ഞാന് ട്രാക്കിലേക്ക് വഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് എനിക്കിപ്പോള് വ്യക്തമല്ല. അയ്യോ, ഞാന് ട്രാക്കിലാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞതു മാത്രം എനിക്കോര്മയുണ്ട്. ‘ ടെഗണ് പറയുന്നു.
ഇലക്ട്രിക് ലൈനില് നിന്ന് ടെഗന് ഷോക്കേല്ക്കുകയും ചെയ്തു. കാലിനും പുറത്തും സാരമായി പരുക്കേറ്റതായി ടെഗന് പറഞ്ഞു.
‘എന്റെ ജീവിതം എന്റെ കണ്മുന്നില് അവസാനിക്കുകയാണെന്ന് എനിക്കു തോന്നി. നിലത്തിരുന്ന് ഞാന് കണ്ണടച്ചു. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മനസ്സിലാായില്ല. ഒരാള് എന്നെ രക്ഷപ്പെടുത്തുകയായിരുന്നു. അയാളോട് ഞാന് എന്നും നന്ദിയുള്ളവളായിരിക്കും. ചെറിയ പരുക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടതില് സന്തോഷമുണ്ട്.’ യുവതി വ്യക്തമാക്കി