കോവിഡ് അണുബാധയെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി മുതിര്‍ന്നവരെ അപേക്ഷിച്ച് 10 വയസിനും അതില്‍ താഴെയുമുള്ള കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നതായി പഠന റിപ്പോര്‍ട്ട്.
മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് കടുത്ത കോവിഡ് – 19 വരാനുള്ള സാധ്യത കുറവാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജമാ നെറ്റ്വര്‍ക്ക് ഓപ്പണില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം പറഞ്ഞത്. സജീവമായ ഗവേഷണ സാധ്യതയുള്ള മേഖലയാണിതെന്നും ഗവേഷകര്‍ പറഞ്ഞു.
വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം 2020 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് 32,000 ആന്റി ബോഡി പരിശോധനകള്‍ നടത്തിയപ്പോള്‍ 1,200 കുട്ടികളിലും 30,000 മുതിര്‍ന്നവരിലും കോവിഡ് വന്നു പോയതായി കണ്ടെത്തി.
ഇമ്യൂണോഗ്ലോബുലിന്‍ ജി (ഐജിജി) ആന്റിബോഡികളുടെ അളവ് നിര്‍ണയിക്കാന്‍ കോവിഡ് പോസിറ്റീവായ 85 കുട്ടികളിലും 3,648 മുതിര്‍ന്ന ആളുകളിലും ശാസ്ത്രജ്ഞര്‍ പരിശോധനകള്‍ നടത്തി.
വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനുമായി ബന്ധിപ്പിക്കുന്ന കോശങ്ങളെ ആക്രമിക്കുന്നതില്‍ നിന്ന് തടയുന്ന ഒരു പ്രധാന തരം ‘ന്യൂട്രലൈസിംഗ്’ ആന്റിബോഡിയാണിത്.
ഒന്ന് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള 32 കുട്ടികളില്‍ 19 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള 127 ചെറുപ്പക്കാരെ അപേക്ഷിച്ച് ഈ ആന്റിബോഡിയുടെ അളവ് അഞ്ചിരട്ടി കൂടുതലാണ്.
അവസാനം ഒന്ന് മുതല്‍ 24 വയസ് വരെ പ്രായമുള്ള 126 പോസിറ്റീവ് രോഗികളുടെ ഗ്രൂപ്പിലാണ് ഗവേഷകര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ വിഭാഗത്തിലുള്ളവര്‍ക്ക് രോഗ തീവ്രത കൂടിയ കോവിഡ് -19 ബാധിച്ചിട്ടില്ലെന്നും കണ്ടെത്തി.
ഈ അവസാന ഗ്രൂപ്പില്‍, ഒന്ന് മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരുടെ ഐജിജി ആന്റിബോഡികളുടെ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമുണ്ട്.
11 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാര്‍ക്ക് 19 മുതല്‍ 24 വയസ്സ് വരെ പ്രായമുള്ള ചെറുപ്പക്കാരുടെ ഐ ജി ജിയുടെ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം വരും.
മുതിര്‍ന്ന രോഗികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികളില്‍ കോവിഡ് -19 ന്റെ തീവ്രതയിലുള്ള വ്യത്യാസങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട രോഗപ്രതിരോധ ശേഷിയുടെ ഫലമായിരിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തി.
കുട്ടികള്‍ക്ക് കടുത്ത കോവിഡ് -19 സാധ്യത കുറവാണെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ മാസം ഓസ്ട്രേലിയയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സജീവമായ ‘സ്വതസിദ്ധമായ’ പ്രതിരോധശേഷി ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
കോവിഡ് -19 ന്റെ അപകട സാധ്യത കൂടാനുള്ള മറ്റൊരു പ്രധാന കാരണം അമിതവണ്ണമാണെന്നും ഗവേഷകര്‍ വിലയിരുത്തി.
ഗുരുതരമായ കൊവിഡ് -19 ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പുരുഷന്മാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താന്‍ സ്ത്രീ ലൈംഗിക ഹോര്‍മോണായ പ്രോജസ്റ്ററോണ്‍ കുത്തിവയ്ക്കുന്നത് ഗുണം ചെയ്തുവെന്ന് അടുത്തിടെ ഒരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.