റണ്‍വേയിൽ നിന്നും പറന്നുയരാൻ തുടങ്ങിയ വിമാനത്തിനു പിന്നാലെ ഓടിച്ചെല്ലാനൊരുങ്ങിയ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. ബാലിയിലെ ഗുറാഹ് റായി വിമാനത്താവളത്തിലാണ് ഏറെ അമ്പരപ്പുണ്ടാക്കിയ സംഭവം അരങ്ങേറിയത്.
ഹാനാ എന്നാണ് ഈ യുവതിയുടെ പേര്. ബാലിയിൽ നിന്നും ജക്കാർത്തയിലേക്കായിരുന്നു ഈ യുവതിക്ക് പോകേണ്ടിയിരുന്നത്. ടെർമിനലിൽ പ്രവേശിക്കേണ്ട സമയത്ത് എത്താതിരുന്ന ഇവർ അധികൃതർ വിളിച്ച ഫോണ്‍ കോളിനും മറുപടി നൽകിയിരുന്നില്ല. വിമാനം പുറപ്പെടാൻ 10 മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇവർ വിമാനത്താവളത്തിലെത്തിയത്.
തുടർന്ന് ബോർഡിംഗ് ഗേറ്റ് കടന്ന് ഓടിയെത്തി റണ്‍വേയിലെത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. വിമാനത്തിനു പിന്നാലെ ഓടാൻ തുടങ്ങിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നതിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
പിന്നീട് അടുത്ത വിമാനത്തിലാണ് ഇവർക്ക് ജക്കാർത്തയിലേക്കു പോകുവാനായത്.