കാറില്‍ ഉരസിയ കെഎസ്ആര്‍ടിസിയെ പിന്തുടര്‍ന്ന് പിടിച്ച് സിനിമാസ്റ്റൈലില്‍ കാര്‍ കുറുകെയിട്ടു; ബസ് ഡ്രൈവറെ കൈകാര്യം ചെയ്ത് കാറിലുണ്ടായിരുന്ന യുവതി; അമ്പലപ്പുഴയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

അമ്പലപ്പുഴ: കാറില്‍ ഉരസിയ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറെ ക്യാബിനില്‍ നിന്നും പിടിച്ചിറക്കി ആക്രമിച്ച യുവതിയെ നാട്ടുകാര്‍ പോലീസിനു കൈമാറി. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവറെയാണ് അക്രമിച്ചതെന്നാണ് ആരോപണം. കോഴിക്കോട് പേരാമ്പ്ര കാറിലക്കണ്ടിയില്‍ ജിജിത്തിന്റെ ഭാര്യ അരുണിമ (26) ആണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് ദേശീയപാതയിലുള്ള പുറക്കാട് ജംഗ്ഷനിലായിരുന്നു സംഭവം.കരുനാഗപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ കൊല്ലം കുന്നത്തൂര്‍ പടിഞ്ഞാറെ കല്ലട ആയിലേത്ത് ശ്രീകുമാറിനാണു പരുക്കേറ്റത്. എറണാകുളത്തു നിന്നു കൊല്ലത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ഡ്രൈവറായിരുന്നു ശ്രീകുമാര്‍.

അരുണിമ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കൊല്ലത്തേക്കു പോവുകയായിരുന്നു. ജിജിത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അമ്പലപ്പുഴ ഭാഗത്തെത്തിയപ്പോള്‍ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കാറില്‍ ഉരസിയതായി കാര്‍ ഉടമ പറയുന്നു. ഇതിനിടെ കുഞ്ഞ് അരുണിമയുടെ കൈയില്‍ നിന്നു കാറിനുള്ളില്‍ വീണു. ഇതാണ് കെഎസ്ആര്‍ടിസിയെ പിന്തുടരാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നു പറയുന്നു.

ഇതിന്റെ വാശിയില്‍ ബസ് പുറക്കാട് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെ, പിന്തുടര്‍ന്നെത്തിയ കാര്‍ ബസിനു കുറുകെയിട്ട ശേഷം അരുണിമ കാറില്‍ നിന്നിറങ്ങി ചെന്ന് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അരുണിമയെയും കാറും തടഞ്ഞു വച്ച് അമ്പലപ്പുഴ പൊലീസില്‍ വിവരം അറിയിച്ചു.

എസ്ഐ എം.പ്രതീഷ്‌കുമാറെത്തി അറസ്റ്റ് ചെയ്ത ശേഷം ഇവരെ കളര്‍കോട് ഗ്രാമ ന്യായാലയ കോടതിയില്‍ ഹാജരാക്കി. സര്‍വീസ് മുടങ്ങിയതിനാല്‍ യാത്രക്കാര്‍ മറ്റൊരു ബസില്‍ യാത്ര തുടര്‍ന്നു. ഡ്രൈവറെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും ബസിന്റെ സര്‍വീസ് മുടക്കിയതിനുമാണു അരുണിമയ്ക്കെതിരേ കേസെടുത്തത്.

 

 

Related posts