ബസിലിരുന്ന് ഉറങ്ങുന്നവര്‍ക്ക് പലപ്പോഴും ഇറങ്ങേണ്ട സ്റ്റോപ്പിനു പകരം മറ്റെവിടെങ്കിലുമായിരിക്കും ഇറങ്ങേണ്ടി വരിക. ഈ അവസ്ഥ വിമാനത്തിലാണുണ്ടാവുകയെങ്കിലോ. ഒരു കനേഡിയന്‍ യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്. വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യുവതി ഉറക്കമുണര്‍ന്നപ്പോള്‍ കൂരിരുട്ടില്‍ ഒറ്റയ്ക്കായി. വിമാനത്തില്‍ യാത്രക്കാരി ഉറങ്ങിക്കിടക്കുന്ന കാര്യം അറിയാതെ ജീവനക്കാര്‍ വിമാനം പാര്‍ക്കിംഗ് ഏരിയയില്‍ എത്തിച്ച ശേഷം ഇറങ്ങിപ്പോകുകയും ചെയ്തു. എയര്‍ കാനഡ വിമാനത്തില്‍ ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്.
ക്യുബെകില്‍ നിന്ന് ടൊറോന്റോയിലേക്ക് പോയ ടിഫാനി ആദംസ് എന്ന യുവതിക്കാണ് ഈ ദുരനുഭവം. യാത്രക്കിടെ ഉറങ്ങിപ്പോയ ടിഫാനി കടുത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് ഉറക്കമുണര്‍ന്നത്. ഈ സമയം സീറ്റ് ബെല്‍റ്റില്‍ ബന്ധിപ്പിച്ച നിലയിലായിരുന്നു അവര്‍. ഒന്നും കാണാന്‍ കഴിയാത്ത വിധം കനത്ത ഇരുട്ടും എങ്ങും വ്യാപിച്ചിരുന്നു. താന്‍ എവിടെയാണെന്നുപോലും തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. താന്‍ എവിടെയാണെന്നറിയാന്ഫോണില് സുഹൃത്ത് ഡയാന ഡെയ്ലിനെ വിളിച്ചു. കോള്‍ പൂര്‍ത്തിയാകും മുന്‍പ് ഒരുമിനിറ്റിനുള്ളില്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയി.
വിമാനത്തില്‍ വൈദ്യുതിബന്ധമില്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും കഴിഞ്ഞില്ല. ഈ സമയം ഡയാന ടൊറോന്റോ പീയേഴ്സണ്‍ വിമാനത്താവളത്തിലേക്ക് വിളിച്ച് ടിഫാനിയെ കുറിച്ച് തിരക്കി. ഏറെനേരം കഴിഞ്ഞ് കോക്പിറ്റില്‍ ടോര്ച്ച്വെളിച്ചം കണ്ടപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു. ഈ സമയം, ലഗേജ് എടുക്കുന്ന കാര്‍ട്ടിന്റെ ഓപറേറ്ററുടെ ശ്രദ്ധയില്‍ ടിഫാനി പെടുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ അധികൃതര്‍ ഉടന്‍തന്നെ ടിഫാനിയെ പുറത്തുകൊണ്ടുവരികയും സഞ്ചരിക്കാന്‍ ലിമോസിന് കാറും വിശ്രമിക്കാന്‍ ഹോട്ടലില്‍ സൗകര്യവും വാഗ്ദാനം ചെയ്തു.
എന്നാല്‍ എത്രയും വേഗം തിരിച്ച് വീട്ടിലെത്തിയാന്‍ മതിയെന്നായിരുന്നു ടിഫാനിയുടെ ആവശ്യം. യാത്രക്കാരിയെ വിമാനത്തില്‍ ഉപേക്ഷിച്ച് പോകാന്‍ ഇടയായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എയര്‍ കാനഡ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എയര്‍ കാനഡ പ്രതിനിധി രണ്ടു തവണ തന്നെ വിളിച്ചുവെന്നും മാപ്പുപറഞ്ഞുവെന്നും ടിഫാനി ആദം വ്യക്തമാക്കി.
വിമാനം ലാന്‍ഡ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാണ് താന്‍ ഉറക്കമുണര്‍ന്നതെന്നും ഈ സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നുവെന്നും ടിഫാനി ഫേസ്ബുക്കില്‍ പറയുന്നു. ചുറ്റും കനത്ത ഇരുട്ടായിരുന്നു. സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു താന്‍. ശരീരത്തിലേക്ക് അരിച്ചുകയറുന്ന തണുപ്പായിരുന്നുവെവന്നും അവര്‍ പറഞ്ഞു. താന്‍ വല്ലാതെ ഭയപ്പെട്ടുപോയി. അതിനു ശേഷം പല രാത്രികളിലും ഈ സംഭവം ദുഃസ്വപ്നംപോലെ തന്നെ വേട്ടയാടുന്നുണ്ടെന്നും അവര്‍ പറയുന്നു