ബ്യൂട്ടിപാര്ലറില് ഹെന്ന ചെയ്യാനെത്തിയ യുവതി ബ്യൂട്ടീഷന്റെ പണവും സ്വര്ണവും കവര്ന്ന് മുങ്ങി. ബ്യൂട്ടീഷന്റെ ബാഗില് നിന്ന് 60000 രൂപയും അഞ്ച് പവന് ആഭരണവുമാണ് യുവതി കവര്ന്നെടുത്തത്.
കക്കോടി ബസാറിലെ ‘സഹേലി’ ബ്യൂട്ടിപാര്ലറില് ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. രാവിലെ 11 മണിയോടെയാണ് 25 വയസ്സ് തോന്നിക്കുന്ന, ജീന്സും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാര്ലറിലെത്തിയത്.
മുടിയില് ഹെന്ന ചെയ്യാനും താരന് പോകാനുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നതിനുമാണ് വന്നതെന്നും യുവതി ബ്യൂട്ടീഷനോടു പറഞ്ഞു. യുവതി ആവശ്യപ്പെട്ടപ്രകാരം പാര്ലറിന്റെ ഉടമയും ബ്യൂട്ടീഷനുമായ രഹ്ന ജോലി തുടങ്ങി.
”കുറച്ചു സമയം കഴിഞ്ഞപ്പോള് യുവതി ചേച്ചി എനിക്ക് വയറുവേദനിക്കുന്നു. എന്തെങ്കിലും കഴിക്കാന് വേണമെന്ന് പറയുന്നു. എനിക്ക് അള്സറിന്റെ അസുഖമുണ്ട്.
ജ്യൂസ് ഓര്ഡര് ചെയ്യുമോയെന്ന് ചോദിക്കുന്നു.
കോവിഡായതിനാല് ഓര്ഡര് കിട്ടില്ല… അവിടെ പോയി കഴിക്കണമെന്ന് രഹന പറയുന്നു.
ബിസ്കറ്റെങ്കിലും കിട്ടിയാല് മതിയായിരുന്നുവെന്ന് യുവതി വേദന അസഹ്യമായ രീതിയില് പറഞ്ഞു എന്നാല്, ഞാന് തന്നെ വാങ്ങിച്ചുവരാമെന്ന് പറഞ്ഞ് ബാഗില്നിന്നും ബിസ്കറ്റ് വാങ്ങിക്കുന്നതിനായി പണം എടുത്തു. ഇതിനു ശേഷം കൈയെത്താത്ത ദൂരത്തില് ബാഗ് മാറ്റിവെച്ച് കര്ട്ടന് വലിച്ചിടുകയും ചെയ്തു.
പാര്ലറിനു തൊട്ടുതാഴെയുള്ള ബേക്കറിയില് പോയി ബിസ്കറ്റ് വാങ്ങി വന്നു. തിരിച്ചു വരുമ്പോള് യുവതി വേദനകാരണം കുനിഞ്ഞ് ഇരിക്കുന്നതായാണ് കാണുന്നത്.
രണ്ട് ബിസ്കറ്റ് കഴിച്ചു. വെള്ളവും കുടിച്ചു. അരമണിക്കൂര്കൂടി പാര്ലറില് ചെലവഴിച്ചു. പിന്നെ പോവാന് ധൃതികാണിച്ചു. മുടി ഉണക്കാന് സമ്മതിച്ചില്ല. നാളെ കല്യാണത്തിന് പോവാനുണ്ട്. മൂട്ടോളിയിലാണ് വീടെന്നും പറഞ്ഞ് വേഗം പോവുകയായിരുന്നു. രഹ്ന പറയുന്നു.
തുടര്ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് ആഭരണവും പണവും നഷ്ടമായതായി അറിഞ്ഞതെന്ന് രഹ്ന പറയുന്നു.
ലോക്കറില്നിന്ന് എടുത്ത മൂന്ന് ചെയിനും അറുപതിനായിരം രൂപയുമാണ് നഷ്ടമായത്. സ്വര്ണം ഏകദേശം അഞ്ചു പവന് തൂക്കം വരുന്നതാണ്.
എന്.ഐ.ടി.യില് അഡ്മിഷന് കിട്ടിയ മകളുടെ ആവശ്യങ്ങള്ക്കുവേണ്ടി കരുതിയ പണമാണ് നഷ്ടമായത്.
വിരലടയാള വിദഗ്ധരും ചേവായൂര് പോലീസും ബ്യൂട്ടിപാര്ലറിലെത്തി പരിശോധന നടത്തി. പോലീസ് നായ മണംപിടിച്ച് ബാലുശ്ശേരി റോഡ് വരെ പോയി. യുവതിക്കായി പോലീസ് അന്വേഷണം ഊര്ജിതമാക്കി.