1884നും 1908നും ഇടയിൽ സജീവമായിരുന്ന ഒരു നോർവീജിയൻ- അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു ബെല്ലി ഗണ്ണസ്. ജനിച്ചത് 1859 നവംബർ 11ന് നോർവേയിലെ സെൽബുവിൽ.
ഈ കൊലയാളിയുടെ ഒരു പ്രത്യേകത ഇവൾ ഏതാണ്ട് 14 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം ഇവളുടെ മരണ ശേഷമാണു കണ്ടെത്തിയത് എന്നതാണ്.
മരണം വരെ ഒാരോരുത്തരെ ആയി കൊലപ്പെടുത്തുന്പോഴും ഇവൾ നിയമത്തിന്റെ മുന്പിൽ സേഫ് ആയി ഇരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇവളെ പിടികൂടേണ്ട ഒരാവശ്യം പോലീസുകാർക്ക് ഉണ്ടായില്ല.
പ്രണയം ആയുധം
പ്രണയം നടിച്ചു പുരുഷന്മാരെ വലയിലാക്കുക, ശേഷം അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ സ്വത്തുക്കളും അനന്തര അവകാശവും ഇൻഷ്വറൻസ് അവകാശവുമെല്ലാം സ്വന്തം പേരിലാക്കുക, എന്നിട്ട് ആവശ്യം കഴിയുന്പോൾ കൊന്നുതള്ളുക എന്നതായിരുന്നു ബെല്ലി ഗണ്ണസിന്റെ ഒരു ലൈൻ.
ഇവളുമായി പ്രണയത്തിൽ അകപ്പെടുന്നവരെ ഇവൾക്കു വളരെ വേഗത്തിൽ കുടുക്കാൻ സാധിക്കുമായിരുന്നു.
വശ്യമായ സംസാരവും പെരുമാറ്റവും ഇവൾക്കുണ്ടായിരുന്നു. കൂടാതെ ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യവും.
ഇരകളിൽ ഭൂരിഭാഗത്തിനെയും വിവാഹ വാഗ്ദാനം നൽകി പ്രണയം നടിച്ചു കൂടെക്കൂട്ടിയാണ് കൊലപ്പെടുത്തിയത്.
ചുരുളഴിച്ച തീപിടിത്തം
നോർവേയിൽ ജനിച്ച ബെല്ലി 1881ൽ യുഎസിലേക്കു കുടിയേറി. 1908 ഏപ്രിലിൽ ഇന്ത്യാനയിലെ ലാ പോർട്ടിലെ ഗണ്ണസ് ഫാം ഹൗസിൽ സംഭവിച്ച ഒരു തീപിടിത്തമാണ് ബെല്ലി ഗണ്ണസ് എന്ന അതിക്രൂരയായ സ്ത്രീയുടെ പൊയ്മുഖം അഴിഞ്ഞുവീഴാൻ ഇടയാക്കിയത്.
വലിയ തീപിടിത്തമായിരുന്നു ഫാം ഹൗസിൽ നടന്നത്. തീപിടിത്തമുണ്ടായതും പോലീസും ഫയർഫോഴ്സുമെല്ലാം അവിടേക്കു കുതിച്ചെത്തി.
പക്ഷേ, അവിടേക്കു തിരിക്കുന്പോഴും പോലീസുകാർ ആരും അറിഞ്ഞിരുന്നില്ല, തങ്ങൾ പോകുന്നതു വലിയൊരു കൊലപാതക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ കൂടിയാണെന്ന്.
സ്ത്രീയുടെ മൃതദേഹം
തീപിടിത്തം നടന്ന ഫാം ഹൗസിൽ കുറേപ്പേർ മരിച്ചിട്ടുണ്ടെന്ന് അവിടെയെത്തിയ പോലീസിനും ഫയർ ഫോഴ്സിനും മനസിലായി.
അവരാരെല്ലാമാണെന്ന് അറിയാനുള്ള തെരച്ചിൽ നടന്നു. തെരഞ്ഞുതെരഞ്ഞ് അവർ എത്തിച്ചേർന്നതു കത്തിക്കരിഞ്ഞ നിലയിൽ തലയില്ലാത്ത സ്ത്രീയുടെ മൃതദേഹത്തിന് അടുത്താണ്.
പരിശോധിച്ചപ്പോൾ ഇതു ഗണ്ണസിന്റെ മൃതദേഹമാണെന്നു കണ്ടെത്തി. വീണ്ടും തെരച്ചിൽ തുടർന്നു.
അപ്പോഴാണ് ഗണ്ണസിന്റെ മൂന്നു മക്കളുടെ മൃതദേഹവും കണ്ടെത്തുന്നത്. (മരിച്ചതു ഗണ്ണസ് ആണെന്നു ഉറപ്പിക്കാൻ തെളിവില്ല എന്നതാണ് ഈ സംഭവത്തിന്റെ ട്വിസ്റ്റ്) തീർന്നില്ല,
തീപിടിത്തമുണ്ടായ സ്ഥലം കുറച്ചുകൂടി ഗൗരവത്തോടെ പരിശോധിച്ചപ്പോൾ 11 പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. അവസാനം കണ്ടെത്തിയ 11 പേരുടെ മൃതദേഹ അവശിഷ്ടങ്ങൾ തീപിടിത്തത്തിൽ മരിച്ചവരുടേതല്ലെന്നു പോലീസ് തിരിച്ചറിഞ്ഞു.
പിന്നെ അവർ എങ്ങനെ മരിച്ചു ? ഈ ചോദ്യമാണ് വലിയൊരു കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്.
(തുടരും)