വ്യായാമത്തിനിടെ ജിം ഉപകരണത്തില് കുടുങ്ങിയ യുവതിയെ രക്ഷിച്ചത് സ്മാര്ട്ട് വാച്ച്. ഒഹായോ സ്വദേശിയായ ക്രിസ്റ്റിന് ഫോള്ഡാണ് ജിം ഉപകരണത്തില് കുടുങ്ങിയത്.
ജിം ഉപകരണത്തില് കുടുങ്ങിക്കിടക്കുന്ന ക്രിസ്റ്റിന്റെ വിഡിയോ സോഷ്യല് മീഡിയയില് ഇതിനോടകം വൈറലായിട്ടുണ്ട്. പുലര്ച്ചെ മൂന്നു മണിക്ക് ജിമ്മില് വര്ക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് ക്രിസ്റ്റിന് പങ്കുവച്ചത്.
നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായി തലകീഴായി ടേബിളില് കിടക്കുന്നതാണ് വിഡിയോ. പിന്ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
വ്യായാമത്തിനു ശേഷം എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴാണ് തന്റെ കാലുകള് ഉപകരണത്തില് കുടുങ്ങിയതായി ക്രിസ്റ്റിനു മനസ്സിലായത്.
ക്രിസ്റ്റിന് സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചു. എന്നാല് ഉച്ചത്തില് പാട്ട് വച്ചിരുന്നതിനാല് ക്രിസ്റ്റിന് വിളിച്ചത് സുഹൃത്ത് കേട്ടില്ല.
സ്വന്തമായി എഴുന്നേല്ക്കാന് ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്ക്കായി ബന്ധപ്പെടാനുള്ള നമ്പറില് വിളിക്കുകയല്ലാതെ മറ്റു മാര്ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി.
തുടര്ന്ന് സ്വന്തം സ്മാര്ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന് അടിയന്തര സഹായത്തിനായുള്ള നമ്പറായ 911-ല് ബന്ധപ്പെടുകയായിരുന്നു.
‘ആ സമയത്ത് ജിമ്മില് കൂടുതല് ആളുകളുണ്ടായിരുന്നെങ്കില് എന്ന് ഞാന് ആഗ്രഹിച്ചു. കാരണം തലകീഴായി ഞാന് ആ ഉപകരണത്തില് കുടുങ്ങി. ജിമ്മില് അപ്പോള് ആരും ഉണ്ടായിരുന്നില്ല. അല്പസമയം കഴിഞ്ഞപ്പോള് ഒരു സുരക്ഷാ ഉദ്യോഗസ്ഥന് ജിമ്മില് വന്നു. ‘ ക്രിസ്റ്റിന് പറഞ്ഞു.
സംഭവത്തിനു ശേഷം കുറച്ചു നേരത്തേക്ക് തനിക്ക് തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടെന്നും ക്രിസ്റ്റിന് വ്യക്തമാക്കി.