തിരുവനന്തപുരം: ഭർതൃവീട്ടിൽ നിന്ന് പിണങ്ങി സ്വന്തം വീട്ടിലെത്തിയ യുവതിയുടെ ആത്മഹത്യ, ഭർത്താവ് ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി കൊണ്ടുപോയതിന് പിന്നാലെ. തിരുവല്ലം പാച്ചല്ലൂർ വണ്ടിത്തടത്താണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ഷഹ്ന (23) യെ കണ്ടെത്തിയത്.
ഭർതൃവീട്ടുകാരിൽ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. കാട്ടാക്കട സ്വദേശിയുമായി മൂന്ന് വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടന്നത്. ഇവർക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്.
ഭർതൃവീട്ടിലെ പ്രശ്നങ്ങൾ കാരണം മൂന്ന് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ തന്റെ അനിയന്റെ മകന്റെ ജന്മദിനാഘോഷത്തിന് ഷഹ്നയെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് എത്തിയിരുന്നു.
നേരിട്ട് ക്ഷണിക്കാത്തതിനാൽ ആഘോഷത്തിൽ പങ്കെടുക്കാൻ യുവതി തയാറായില്ല. പിന്നാലെ കുഞ്ഞിനെ എടുത്ത് ഭർത്താവ് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറിയ യുവതിവാതിലടിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനാൽ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയിൽ ഭര്‍ത്താവിന്റെ വീട്ടിൽ വച്ച് യുവതിക്ക് മര്‍ദനമേറ്റിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളടക്കം ഉൾപ്പെട്ടിട്ടുണ്ട്.