അണക്കെട്ടില്‍ കാല്‍വഴുതി വീണ് മുങ്ങിത്താഴ്ന്ന യുവാക്കളെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് മൂന്നു സ്ത്രീകള്‍. ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്താണ് യുവതികള്‍ യുവാക്കളെ രക്ഷിച്ചത്. രണ്ട് യുവാക്കളെയാണ് മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് രക്ഷപെടുത്തിയത്. രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചില്ല.
തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയ സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളുടെ പന്ത്രണ്ടംഗ സംഘമാണ് കുളിക്കാന്‍ വന്നത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു.
പിന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു. രണ്ട് യുവാക്കളെ രക്ഷിക്കാന്‍ സാധിച്ചു. മറ്റ് രണ്ട് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.