കുവൈറ്റിലെ നിരത്തിലൂടെ പിടിവിട്ട് ഓടാന്‍ ശ്രമിച്ച സിംഹത്തെ കൈയ്യില്‍ വാരിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം.
സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്.
യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി.
വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്.
2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.