ശ്രീനഗർ: യുവാക്കളെ ഒപ്പം ചേർക്കുന്നതിനായി പാക് ഭീകരസംഘടനകൾ ജമ്മു കാഷ്മീരിൽ സ്ത്രീകളെ ഉപയോഗിക്കുന്നതായി സൂചന. രണ്ടാഴ്ച മുന്പ് അറസ്റ്റിലായ യുവതിയെ വിശദമായി ചോദ്യംചെയ്തപ്പോഴാണു ഭീകരരുടെ തേൻകെണിയെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
ഭീകരപ്രവർത്തനത്തിനു പുറമേ ആയുധങ്ങൾ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കു സുരക്ഷിതമായി കൊണ്ടുപോകുന്നതിനും നുഴഞ്ഞുകയറി ഇന്ത്യയിലെത്തുന്ന ഭീകരരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു വഴികാട്ടുന്നതിനുമെല്ലാം ഇത്തരം കെണിയിൽ അകപ്പെടുന്ന യുവാക്കളെയാണ് ഉപയോഗിക്കുന്നത്.
രണ്ടാഴ്ച മുന്പ് ബന്ദിപോറയിൽനിന്ന് അറസ്റ്റിലായ മുപ്പതുകാരിയിൽ നിന്നാണ് തേൻകെണി സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണവിഭാഗങ്ങൾക്കു ലഭിച്ചത്. സയിദ് ഷാസിയ എന്ന യുവതിയാണ് അറസ്റ്റിലായത്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകളുള്ള ഇവരെ ഒട്ടേറെ യുവാക്കൾ പിന്തുടരുന്നുണ്ടായിരുന്നു. ഏതാനും പോലീസ് ഉദ്യോഗസ്ഥരുമായും ഇവർ സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം തുടർന്നിരുന്നു.
അറസ്റ്റിനുശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മറ്റു ചില സ്ത്രീകൾകൂടി ഇതേരീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഷാസിയ വ്യക്തമാക്കിയത്. ഇതോടെ നിരീക്ഷണം ശക്തമാക്കാൻ പോലീസ് നേതൃത്വം മുന്നറിയിപ്പു നൽകി.