സിനിമയെ വെല്ലുന്ന സംഭവത്തിനാണ് മൂവാറ്റുപുഴ സാക്ഷ്യം വഹിച്ചത്. പോലീസുകാരന്റെ വീട്ടില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയ യുവതിയാണ് ഏവരെയും കബളിപ്പിച്ച് തടി രക്ഷിച്ചത്. ഒടുവില്‍ പുലിവാലു പിടിച്ചതാകട്ടെ പോലീസുകാരനായ വീട്ടുടമസ്ഥനും. അക്കഥ ഇങ്ങനെ- ചെമ്പറക്കി സ്വദേശിയായ പോലീസുകാരന്‍ സ്‌റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയതായിരുന്നു. ഭാര്യ പുറത്തു പോയതിനാല്‍ ഇയാള്‍ വാതില്‍ പൂട്ടാതെ ഉറങ്ങാന്‍ കിടന്നു. ഇതിനിടെ അങ്കമാലി സ്വദേശിനിയായ കുപ്രസിദ്ധ വനിതാ മോഷ്ടാവ് വീടിനകത്തു കടന്നു. അകത്തുകയറിയ യുവതിയെ കണ്ട് പോലീസുകാരന്‍ ഉണര്‍ന്നതോടെ അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പിടിച്ചുവയ്ക്കുകയും ചെയ്തു.
പോലീസുകാരനാണെന്നു മനസിലായതോടെ യുവതി അടവുമാറ്റി. തന്നെ ആരോ പിന്തുടര്‍ന്ന് മാല മോഷ്ടിക്കാന്‍ ശ്രമിച്ചെന്നും രക്ഷപ്പെട്ട് വന്നതെന്നാണെന്നുമായിരുന്നു യുവതി കരഞ്ഞുകൊണ്ട് പറഞ്ഞത്. എന്നാല്‍ പോലീസുകാരന്റെ സംശയം മാറിയില്ല. ഇയാള്‍ തടിയിട്ടപ്പറമ്പ് പോലീസില്‍ വിവരമറിയിച്ചു. വീട്ടിലെത്തിയ വനിതാ പോലീസ് ഇവരെ കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. സമീപത്തെ മറ്റൊരു വീട്ടിലും ഇവര്‍ മോഷണത്തിനു ശ്രമിച്ചെന്നു വിവരം ലഭിച്ചു. എന്നാല്‍ പോലീസുകാരന്‍ അനാശാസ്യത്തിനു ക്ഷണിച്ചിട്ടാണ് വീട്ടില്‍ വന്നതെന്നു യുവതി സ്‌റ്റേഷനില്‍വച്ച് ആരോപിച്ചു. ഇതോടെ പരാതി നല്‍കിയ പോലീസുകാരനും ബന്ധുക്കളും വെട്ടിലായി. ഒടുവില്‍ മാനഹാനി ഭയന്നു പരാതി പിന്‍വലിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി.
യുവതി സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു. തുടര്‍ന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഒരു മണിക്കൂറിനുശേഷം ആശുപത്രിയില്‍ നിന്നു വിട്ടയയ്ക്കുകയുമായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷന്റെ ഓടിളക്കി മാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചതടക്കം ആലുവ, അങ്കമാലി പോലീസ് സ്‌റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണു അങ്കമാലിക്കാരിയായ യുവതി. അതേസമയം, മോഷ്ടാവിനെ പിടികൂടാതെ വൈദ്യസഹായം നല്‍കി വിട്ടയച്ചതില്‍ ഗുരുതരവീഴ്ച പോലീസിനു സംഭവിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.