മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ യുവതി ശ്രമിച്ചതായി യുവാവിന്റെ പരാതി. അടൂര്‍ പെരിങ്ങനാട് സ്വദേശിയാണ് പരാതിക്കാരന്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതി രണ്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
തന്റെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
മൂന്നു മാസം മുമ്പാണ് ഇയാള്‍ യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്നു യുവാവിന്റെ ഫോണ്‍ നമ്പര്‍ എടുത്ത് വീഡിയോ കോള്‍ ചെയ്ത യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കില്ലെന്ന് പറഞ്ഞതോടെ തന്റെ ചിത്രം മറ്റൊരാളിന്റെ ചിത്രവുമായി മോര്‍ഫ് ചെയ്തുള്ള അശ്ലീല വീഡിയോ ഫേസ്ബുക്കിലെ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും മെസഞ്ചറിലൂടെ അയച്ചു കൊടുത്തെന്നും പരാതിയില്‍ പറയുന്നു.
ഇതറിഞ്ഞ യുവാവ് ഇന്നലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പെരിങ്ങനാട് സ്വദേശിയായ മറ്റൊരു യുവാവും ഇതുപോലെ കെണിയില്‍പ്പെട്ടതായി പോലീസിനു പരാതി ലഭിച്ചിട്ടുണ്ട്.