കള്ളം പറഞ്ഞ് ജോലിസ്ഥലത്ത് അവധി എടുക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ അങ്ങനെ കള്ളം പറഞ്ഞ്, അവധിയുമെടുത്ത് കറങ്ങി നടക്കുന്നതിനിടെ ബോസിന്റെ മുന്നിൽ ചെന്നുപെട്ടാലോ. എന്തായിരിക്കും അസ്ഥ? അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സ്വദേശിയായ ലൈല സോറസ്.
സുഖമില്ലെന്നു പറഞ്ഞ് അവധിയെടുത്ത ലൈല വിമാനത്തിൽ വെച്ചാണ് തന്റെ ബോസിനെ കണ്ടത്. ഇതിന്റെ വീഡിയോയും ലൈല ചിത്രീകരിച്ചിട്ടുണ്ട്. തുടർന്ന് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതിനകം 11 മില്യനിലധികം ആളുകൾ വീഡിയോ കണ്ടു.
“സുഖമില്ലെന്നു കള്ളം പറഞ്ഞ് അവധിയെടുത്തു. പിന്നാലെ, ഞാൻ യാത്ര ചെയ്ത അതേ വിമാനത്തിൽ വെച്ച് എന്റെ ബോസിനെ കണ്ടു”, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫ്ലൈറ്റിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങുന്നതും ഇത് തന്റെ ബോസ് ആണെന്നു പറഞ്ഞ് ലൈല ഒരാളെ സൂം ഇൻ ചെയ്യുന്നതും വീഡിയോയിൽ കാണാവുന്നതാണ്.
പിന്നീട് കാമറ ലൈലക്കു നേരെ തന്നെ പാൻ ചെയ്ത് എത്തുകയാണ്. മാനേജർക്ക് തന്നെ കണ്ടാൽ മനസിലാകാതിരിക്കാൻ മാസ്കും സൺഗ്ലാസും തൊപ്പിയും ധരിച്ചാണ് ലൈല നടക്കുന്നത്. എന്നാൽ ബോസ്, ലൈലയെ തിരിത്തറിഞ്ഞോ ഇല്ലയോ, കള്ളത്തരം പൊളിഞ്ഞോ എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളൊന്നും ലൈല പങ്കുവെച്ചിട്ടില്ല.