വന്യമൃഗങ്ങളോട് ഇടപെടുന്നത് സൂക്ഷിച്ചല്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത് നിശ്ചയമാണ്.
പ്രത്യേകിച്ച് ആന പോലൊരു ജീവിയുമായി അടുത്തിടപഴകുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
അവ പരിശീലനം ലഭിച്ച ആനകളാണെങ്കില്‍ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല.
അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിക്കാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്.
ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികള്‍ക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തില്‍ കാണാം.
ഒരു കൈയില്‍ വാഴപ്പഴവും മറുകൈയില്‍ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു.
യുവതി പഴം നീട്ടിയിട്ടും നല്‍കാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.