ഓഫീസ് സമയം ഓണാഘോഷം വേണ്ടെന്നും ഫയലുകളില്‍ ഉറങ്ങുന്നത് ജീവനുകളാണെന്നും മുമ്പ് പറഞ്ഞ ആളായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ വനിതാമതിലിന്റെ ദിവസം മാത്രം അത് അങ്ങനെയല്ലെന്ന് പിണറായി പറയാതെ പറഞ്ഞതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം അത് അനുസരിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയ സാധാരണക്കാര്‍ വലയുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ തദ്ദേശസ്ഥാപനങ്ങള്‍ വരെയുള്ള ഓഫീസുകള്‍ക്ക് അപ്രഖ്യാപിത അവധിയായിരുന്നു ഇന്നലെ. സ്‌കൂളുകള്‍ക്കും അവധി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്കും അധികാരം നല്‍കിയതോടെ സ്‌കൂള്‍ കുട്ടികളും വനിതാ മതിലിന്റെ ഭാഗമായി. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന കോടതിയുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു ഇത്. വനിതാ ഐഎഎസ് ഉദ്യോഗസ്ഥരും കളക്ടര്‍മാരും മതിലിന്റെ ഭാഗമായി.
എല്ലാ ജില്ലകളിലും മിക്കവാറും വനിതാ ഉദ്യോഗസ്ഥരെല്ലാം ഉച്ചയ്ക്കു ശേഷം അവധിയായിരുന്നു. മതിലിന് ഉദ്യോഗസ്ഥരെ കൊണ്ടുപോകാന്‍ ഉപയോഗിച്ചതാവട്ടെ സര്‍ക്കാര്‍ വാഹനങ്ങളും. ഇതോടെ ഉച്ചയ്ക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാതെയായി. എന്നാല്‍ ഇടമുറിയാത്ത മതില്‍ എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ കഴിയാഞ്ഞത് സിപിഎമ്മിന് ക്ഷീണമായി. ഗ്രാമങ്ങളില്‍ വനിതാ മതില്‍ പൊളിഞ്ഞെങ്കിലും നഗരങ്ങളില്‍ മൂന്നുലെയര്‍ വരെയായി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആചാരത്തെ അനുകൂലിച്ചാണ് ചാനലുകളില്‍ ബൈറ്റുകള്‍ നല്‍കിയ സ്ത്രീകള്‍ നിലപാട് എടുത്തത്. ഇതോടെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നില്ല സ്ത്രീകള്‍ എത്തിയതെന്നും വ്യക്തമായി.
തൊഴിലുറപ്പുകാരും അംഗന്‍വാടി ജീവനക്കാരും അങ്കണവാടി ജീവനക്കാരും ആശാവര്‍ക്കറുമാരുമെല്ലാം സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മതിലില്‍ പങ്കെടുത്തു. ഒട്ടേറെ സ്വകാര്യബസുടമകള്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ബസുകള്‍ വിട്ടു നല്‍കാന്‍ നിര്‍ബന്ധിതരായി. വന്‍ പോലീസ് സന്നാഹമാണ് മതിലിനു സംരക്ഷണമൊരുക്കിയത്.
തിരുവനന്തപുരത്ത് മതില്‍ മുറിഞ്ഞത് സിപിഎമ്മിന് വലിയ നാണക്കേടായി. മംഗലപുരം ജംഗ്ഷനും പള്ളിപ്പുറത്തിനുമിടയിലാണ് അരക്കിലോമീറ്ററോളം ശൂന്യമതിലായത്. നിശ്ചയിച്ച സമയത്ത് സ്ഥലത്തെത്താന്‍ കഴിയാത്തവര്‍ വഴിയില്‍ ഇറങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കൊല്ലം പാരിപ്പള്ളിയില്‍ വനിതാ മതില്‍ പൊളിഞ്ഞ ദൃശ്യങ്ങള്‍ പകര്‍ത്തിയ ട്യൂട്ടോറിയല്‍ കോളേജ് അദ്ധ്യാപകന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പാരിപ്പള്ളി സ്വദേശിയായ റോയിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പാരിപ്പള്ളി പൊലീസ് കേസെടുത്തു.
പാരിപ്പള്ളിയില്‍ പൊളിഞ്ഞ വനിതാ മതിലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അദ്ധ്യാപകനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും അക്രമികള്‍ നശിപ്പിച്ചു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ റോയി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അതേസമയം, അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ റോയിക്കെതിരെയും പരാതി നല്‍കി.