ബാങ്കോക്ക്: പുരഷധനം സ്വന്തമാക്കാൻ യുവതി രണ്ടുവർഷത്തിനിടെ വിവാഹിതയായത് 11 തവണ. തായ്ലൻഡിലെ നാഖോൺ പഥോം പ്രവിശ്യയിലായിരുന്നു വിവാഹ മാമാങ്കം നടന്നത്. സംഭവുമായി ബന്ധപ്പെട്ട് സമുത് സഖോൻ പ്രവിശ്യയിലെ ക്രാത്തും ബീൻ സ്വദേസിയായ ജരിയപോൺ ബുവായ (നമോൺ-31), ഇവരുടെ യഥാർഥ ഭർത്താവ് കിറ്റിസാക് ടാൻതിവാട്കുൾ (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തായ് പാരമ്പര്യം അനുസരിച്ച് വിവാഹത്തിന് പുരുഷൻമാർ സ്ത്രീകൾക്കാണ് പണം നൽകേണ്ടത്. ഈ പണം സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു നമോൺകല്യാണ പരമ്പര നടത്തിയത്. വിവാഹം കഴിഞ്ഞ് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു നമോണിന്റെ പതിവ്. ഓരോ ഭർത്താക്കൻമാരിൽനിന്നായി ആറായിരം ഡോളർ മുതൽ 30,000 ഡോളർവരെ ഇവർ കൈക്കലാക്കി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മാത്രം നാല് വിവാഹങ്ങളാണ് ഇവർ ഒറ്റയടിക്ക് നടത്തിയത്. 12 പേരാണ് നമോണിനെതിരെ പരാതിയുമായി എത്തിയത്. പിന്നീട് ഒരാൾ പരാതിയിൽനിന്നും പിൻവാങ്ങുകയും ചെയ്തു.
ഫേസ്ബുക്കിലൂടെയാണ് താൻ നമോണുമായി പരിചയപ്പെട്ടതെന്ന് പരാതിക്കാരനായ പ്രസാർൺ പറയുന്നു. തമ്മിൽ കണ്ടശേഷം ഇവർ ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു. പിന്നീട് വിവാഹിതരായി. ഏറെക്കഴിയുമുമ്പെ പണവുമായി വധു സ്ഥലംകാലിയാക്കിയെന്നും പ്രസാർൺ പരാതിയിൽ പറയുന്നു. ലൈംഗീക ബന്ധത്തിനു ശേഷം ഏഴു മാസം കഴിഞ്ഞപ്പോൾ താൻ ഗർഭിണിയാണെന്നും വിവാഹം കഴിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വിവാഹിതരായതെന്നും പ്രസാർൺ പറയുന്നു. ഇത്തരത്തിൽ നിരവധി പേരാണ് വഞ്ചിക്കപ്പെട്ടത്. സംഭവത്തിൽ തായ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.