ലിയോണ്‍: തുടർച്ചയായ രണ്ടാംവട്ടവും ലോകഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് അമേരിക്കൻ പെണ്‍പട. ഫ്രാൻസിലെ പാർക് ഒളിന്പിയാക് ലിയോണൈസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യൂറോപ്യൻ ചാന്പ്യൻമാരായ ഹോളണ്ടിനെ വീഴ്ത്തിയാണ് അമേരിക്ക കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അമേരിക്കയുടെ വിജയം.
ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു തകർപ്പൻ ഫോമിലുള്ള മേഗൻ റെപീനയാണ് അമേരിക്കയ്ക്കു ലീഡ് നൽകിയത്. റെപീനയുടെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്.
69-ാം മിനിറ്റിൽ റോസെ ലവെല്ലെയുടെ ഗോൾ കൂടിയായതോടെ ഓറഞ്ച് പടയുടെ പതനം പൂർത്തിയായി. ഹോളണ്ട് ഗോൾകീപ്പർ വാൻ വീനെന്ദാലിന്റെ മികവാണ് അമേരിക്കയെ കൂടുതൽ ഗോളുകൾ നേടുന്നതിൽനിന്നു തടഞ്ഞത്.
തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഹോളണ്ട് അമേരിക്കയോടു തോൽക്കുന്നത്. അതും 24-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ. അമേരിക്കയുടെ നാലാം ലോകകപ്പ് കിരീടമാണിത്. 1991, 1999, 2015 വർഷങ്ങളിലായിരുന്നു ഇതിനു മുന്‍പുള്ള കിരീടങ്ങൾ.