ഏറ്റുമാനൂർ: ബന്ധുവെന്ന വ്യാജേന മരണ വീട്ടിലെത്തിയ യുവതി സ്ത്രീകളുടെ ബാഗിലെ പണവുമായി കടന്നു. മൂന്ന് പഴ്സുകളിൽ നിന്നായി രണ്ടായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു.കഴിഞ്ഞ ദിവസം ഏറ്റുമാനൂർ കൊടുവത്താനം മാടപ്പള്ളിയിൽ രഞ്ജുവിന്റെ വീട്ടിലാണ് സംഭവം.
രഞ്ജുവിന്റെ പിതാവിന്റെ അമ്മയുടെ സംസ്കാര ചടങ്ങിനിടെയാണ് മോഷണം നടന്നത്. 35 വയസ് തോന്നിക്കുന്ന ഒരു സ്ത്രീയും 20 വയസിനോടടുത്ത് പ്രായം തോന്നിക്കുന്ന യുവാവുമാണ് മരണ വീട്ടിലെത്തിയത്. വീട്ടുകാരുമായി അടുത്തിടപഴുകിയ യുവതി താൻ കടുത്തുരുത്തിയിൽ നിന്നാണ് വരുന്നതെന്നും അകന്ന ബന്ധുവാണെന്നുമാണ് പരിചയപ്പെടുത്തിയത്.
സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ സമീപത്തെ പുരയിടത്തിലേയ്ക്ക് നീങ്ങിയതോടെ യുവതി തന്ത്രപൂർവം ഇവരുടെ വീട്ടിനുള്ളിൽ കയറുകയും മോഷണം നടത്തുകയുമായിരുന്നു. മരണാനന്തര ചടങ്ങിനെത്തിയ ചില സ്ത്രീകളുടെ ബാഗുകൾ വീട്ടിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ മൂന്ന് ബാഗുകളിൽ നിന്നായി ഇവർ രണ്ടായിരത്തോളം രൂപ മോഷ്ടിച്ചെടുത്തു.
തുടർന്ന് മറ്റൊരു ബാഗ് പരിശോധിക്കുന്നതിനിടയിൽ ബാഗിന്റെ ഉടമസ്ഥയായ വൃദ്ധയെത്തി. ബാഗ് പരിശോധിക്കുന്നതിനെ വീട്ടമ്മ ചോദ്യം ചെയ്തപ്പോൾ ബാഗ് തന്റേതാണെന്നു യുവതി തർക്കിച്ചു. ബഹളം കേട്ട് ആളുകൾ എത്തിയപ്പോഴേയ്ക്കും യുവതി യുവാവിനൊപ്പം ബൈക്കിൽ കയറി രക്ഷപെട്ടു. വീട്ടുകാർ പോലീസിൽ പരാതി നൽകി.