കോട്ടയം: ബാംഗളൂരിൽ മലയാളിയുടെ വീട്ടിൽ നിന്ന് അടിച്ചു മാറ്റിയ 700 ഡോളറും 30 പൗണ്ടും ഒന്നേകാൽ പവൻ സ്വർണവുമായി വേലക്കാരി പിടിയിൽ. ഇന്നു പുലർച്ചെ മുണ്ടക്കയത്ത് അന്തർ സംസ്ഥാന സ്വകാര്യ ബസിൽ എത്തിയ വീട്ടുജോലിക്കാരിയെ പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ ബാംഗളൂരിൽനിന്ന് കാണാതായ ഡോളറും പൗണ്ടും സ്വർണാഭരണവും കണ്ടെത്തി. ഇന്നലെ അർധരാത്രിയിൽ ബാംഗളൂരിൽനിന്ന് സഹായം അഭ്യർഥിച്ച് കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിൽ ലഭിച്ച ഒരു ഫോണ് കോളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
മുണ്ടക്കയം പാറത്തോട് വേങ്ങന്താനം ഒളത്താമാക്കൽ സുരേഷിന്റെ ഭാര്യ ഷീല(41) ആണ് പിടിയിലായത്. ഇവർ അഞ്ചു ദിവസം മൻപാണ് ബാംഗളൂർ മലയാളിയുടെ വീട്ടിൽ ജോലിക്കായി എത്തിയത്. ഒരു ഏജൻസി മുഖേനയാണ് ഇവർ ജോലിക്കെത്തിയത്. മകനെ കാണാതായെന്നും അത്യാവശ്യമായി വീട്ടിൽ പോകണമെന്നും ഇന്നലെ ഇവർ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് വീട്ടുകാർ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ഇവർക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. രാത്രി 8.30ന് ഇവർ ബാംഗളൂരിലെ വടിവള എന്ന സ്ഥലത്തുനിന്ന് ബസിൽ കയറി. വേലക്കാരി പോയിക്കഴിഞ്ഞപ്പോഴാണ് 700 ഡോളറും 30പൗണ്ടും കാണാതായ വിവരം വീട്ടുകാർ അറിയുന്നത്.
തലേ ദിവസം കുട്ടിയുടെ ഒന്നേ കാൽ പവൻ മാലയും കാണാതായിരുന്നു. ഇതോടെ വേലക്കാരി അടിച്ചു മാറ്റിയതാണോ എന്ന സംശയം ഉയർന്നു. ഉടൻ തന്നെ ബാംഗളൂരിലെ വീട്ടമ്മ കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. വേലക്കാരിയെ സംശയമുണ്ടെന്നും സഹായിക്കണമെന്നുമായിരുന്നു ഫോണ്കോൾ.
ഇന്നു രാവിലെ ഏഴു മണിയോടെ ബസ് മുണ്ടക്കയത്ത് എത്തിയപ്പോൾ പോലീസ് അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത് ബാഗ് പരിശോധിച്ചപ്പോൾ 700 ഡോളറും കാണാതായ ഒന്നേകാൽ പവൻ ആഭരണവും കണ്ടുകിട്ടി.
തലേ ദിവസം കാണാതായ കുട്ടിയുടെ ആഭരണം തെരയാൻ വേലക്കാരിയും ഒപ്പമുണ്ടായിരുന്നു.
ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള വേലക്കാരിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു. മുൻപ് പല സ്ഥലത്തും ജോലിക്കു നിന്നിട്ടുള്ള ഇവർ അവിടെയും സമാനമായ കവർച്ചകൾ നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നു.
ബാംഗളൂരിലെ വീട്ടമ്മ ഇ മെയിൽ ആയി പരാതി കോട്ടയം ജില്ലാ പോലീസിന് അയച്ചിട്ടുണ്ട്. മുണ്ടക്കയം എസ്ഐ അനൂപ് ജോസ്, എഎസ്ഐ ഷംസുദീൻ, സിപിഒമാരായ സുമേഷ്, പ്രിയ എന്നിവർ ചേർന്നാണ് വാഹനം പരിശോധിച്ച് വേലക്കാരിയെ പിടികൂടിയത്. വേലക്കാരിയെ ബാംഗളൂർ പോലീസിന് കൈമാറും.