ഫ്ളോറിഡാ: ദൈവം നൽകിയ അമാനുഷിക കഴിവുകൾ ഉപയോഗിച്ചു കുടുംബത്തിലുണ്ടായിരുന്ന ശാപം ഒഴിവാക്കി തരാം എന്നു പ്രലോഭിപ്പിച്ചു പതിനായിരക്കണക്കിനു ഡോളറും സ്വർണാഭരണങ്ങളും തട്ടിയെടുത്ത ഫ്ളോറിഡയിൽ നിന്നുള്ള ജാക്വലിൻ മില്ലറെ ഫ്ലോറിഡാ വെസ്റ്റ് പാം ബീച്ച് ഫെഡറൽ കോടതി 40 മാസത്തെ തടവിനു വിധിച്ചു. 1.6 മില്യൻ ഡോളർ നഷ്ടപരിഹാരവും നൽകാൻ കോടതി ഉത്തരവിട്ടു.
കഴിഞ്ഞ വാരമാണ് കേസിന്റെ വിധി പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലുള്ള 27 വയസുള്ള മെഡിക്കൽ വിദ്യാർഥിനിയുടെ ജീവിതത്തിൽ പ്രയാസങ്ങൾ നേരിടുകയും മാനസിക വിഭന്ത്രിയാക്കി വിധേയയാകുകയും ചെയ്തതോടെ സ്പിരിച്വലൽ കൗണ്‍സിലറെ തേടുന്നതിനിടയിലാണ് ജാക്വലിൻ മില്ലറെ കണ്ടുമുട്ടുന്നത്.
വിദ്യാർഥിനിയുമായി ഇവർ സന്ദേശങ്ങൾ കൈമാറുകയും തനിക്ക് ദൈവം നൽകിയ പ്രത്യേക അനുഗ്രഹമാണ് ശാപം മാറ്റുന്നതിനുള്ള അനുഗ്രഹമെന്നു വിദ്യാർഥിനിയെ പറഞ്ഞു മനസിലാക്കുകയും ചെയ്തു, മാത്രമല്ല വീട്ടിൽ ഇവരുടെ മാതാവ് കൊല്ലപ്പെട്ടതു ശാപം മൂലമാണെന്നും ജാക്വലിൻ മില്ലർ പറഞ്ഞു. സൗത്ത് അമേരിക്കയിലുള്ള ഒരു അശുദ്ധാത്മാവ് നിങ്ങളുടെ മാതാവിനെ ശപിച്ചിരിക്കുന്നുവെന്നും ഇവർ പറഞ്ഞു.
2008 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ഇവർ പരസ്പരം പലപ്പോഴായി കണ്ടുമുട്ടുകയും ഈ വിദ്യാർഥിനിയിൽ നിന്നും 550,000 മുതൽ 1.5 മില്യണ്‍ ഡോളർ വരെ ഇവർ തട്ടിയെടുക്കുകയും ചെയ്തതായാണ് കോടതി രേഖകളിൽ കാണുന്നത്.
അവസാനമായി ഫ്ളോറിഡയിൽ ജാക്വലിനെ സന്ദർശിച്ചപ്പോൾ ശാപമുണ്ടായിരുന്നു എന്നു പറഞ്ഞത് വ്യാജമാണെന്നു ജാക്വിലിൻ സമ്മതിച്ചു. തുടർന്ന് ഇവർ പോലീസിൽ പരാതിപ്പെടുകയും എഫ്ബിഐ അന്വേഷണം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജാക്വലിനെതിരെ കേസെടുക്കുകയായിരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ