കാട്ടാക്കട : കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരേ അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. മെക്കാനിക്കായ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദാണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ ഇയാൾ നൈറ്റ് ഡ്യൂട്ടിക്കായി തിരുവനന്തപുരത്തുനിന്നു കാട്ടാക്കടയിലേക്ക് കെഎസ്ആർടിസി ബസിൽ വരികയായിരുന്നു.
ബസ് മേപ്പൂക്കട ഭാഗത്ത് എത്തിയപ്പോഴാണ് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിക്കു നേരേ അതിക്രമം നടത്തിയത്. രണ്ടുതവണ കൈ തട്ടിമാറ്റിയിട്ടും ഇയാൾ വീണ്ടും ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിൽക്കുകയും ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചിറക്കി സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പോലീസിന് കൈമാറുകയും ചെയ്തു. യുവാവ് അതിക്രമം നടത്തിയത് മലയിൻകീഴ് പോലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ കാട്ടാക്കട പോലീസ് മലയിൻകീഴ് പോലീസിന് കൈമാറി.
പോലീസിന്റെ നിർദേശപ്രകാരം മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ എത്തി യുവതിയും ഭർത്താവും പരാതി നൽകി. പോലിസ് കേസെടുത്തു. അതിനിടെ, അറസ്റ്റിലായ പ്രമോദിനെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ഇന്ന് ഉണ്ടാകു മെന്നാണ് അറിയുന്നത്.