ഓസ്റ്റിയോ പൊറോസിസ്
(സ്ത്രീകളുടെ വാതരോഗം)
അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. ചെറിയ വീഴ്ച ഉണ്ടായാൽ പോലും എല്ലുകൾ ഒടിയാൻ കാരണമാകും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിന്റെ സാധ്യത കൂടുതൽ.
സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്, ശരീരത്തിന്റെ ഉയരം കുറഞ്ഞിരിക്കുന്നത്, കാൻസർ ചികിത്സ, പാരമ്പര്യം എന്നിവയാണ് മറ്റു കാരണങ്ങൾ.
* ഡോക്ടറിന്റെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യണം.
* എന്നും രാവിലെ ഒന്പത് മണിക്കുമുന്പ് അര മണിക്കൂർ വെയിൽ കൊള്ളണം.
* കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള പതിവായി കഴിക്കുന്നത് നല്ലതാണ്.
റുമാറ്റോയ്ഡ് ആർത്രൈറ്റിസ്
റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയംരോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിലും കൈവിരലുകളിലെ സന്ധികളിലുമാണ് ഇത് കൂടുതലായി ബാധിക്കുക. സൈനോവിയൽ പാടയിൽ ഉണ്ടാകുന്ന നീർക്കെട്ട് സന്ധികളിൽ വീക്കം ഉണ്ടാക്കുന്നു. ഇത് ക്രമേണ മറ്റു സന്ധികളെ ഒന്നിന് പിറകെ ഒന്നായി ബാധിക്കുന്നു.
ഈ രോഗത്തിൽ ആദ്യം അനുഭവപ്പെടുന്ന ലക്ഷണം അലസതയും ക്ഷീണവുമാണ്. ക്രമേണ സന്ധികളിൽ തളർച്ചയും പിന്നീടു നല്ല വേദനയും അനുഭവപ്പെടുന്നു. പിന്നെയും കുറച്ചുകൂടി കഴിയുമ്പോൾ ഇതു തന്നെയാണ് പലരുടെയും കൈവിരലുകളെ വികൃതമാക്കുന്നതും.
ആൽസ്ഹൈമേഴ്സ് രോഗം
പ്രായം കൂടുന്നതിന്റെ ഭാഗമായി തലച്ചോറിന്റെ ധർമങ്ങൾ കുറയുന്നതാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ആൽസ് ഹൈമേഴ്സ് രോഗം. ഈ രോഗം ബാധിക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗം സ്ത്രീകളാണ് എന്നാണ് കേട്ടിട്ടുള്ളത്.
നല്ല ആരോഗ്യ ശീലങ്ങൾ, ക്രിയാത്മകമായ ജീവിതവും നല്ല ചിന്തകളും, ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ആഹാരം, സംതൃപ്തി നിറഞ്ഞ മാനസികാവസ്ഥ എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
നല്ല ആരോഗ്യത്തോടെ ജീവിക്കുന്നതിന് നല്ല ആരോഗ്യ ശീലങ്ങൾ അനുസരിച്ച് ജീവിക്കുകയാണു വേണ്ടത്. ഓരോരുത്തർക്കും യോജിച്ച രീതി എങ്ങനെയാണ് എന്നത് ഏറ്റവും അടുത്തുള്ള ഒരു ഡോക്ടറോട് ചോദിച്ച് മനസിലാക്കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ – 9846073393