കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മൊഴി നൽകിയവർ അതിൽ ഉറച്ച് നിൽക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനുവേണ്ടി പോലീസിൽ പരാതി നൽകാൻ മൊഴി കൊടുത്തവർ തയാറാകണമെന്നും സതി ദേവി പറഞ്ഞു.
അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര വെളിപ്പെടുത്തലുകളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
റിപ്പോർട്ടിലെ വിവരങ്ങളെല്ലാം പുറത്തുവരണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി കൈക്കൊള്ളാൻ ഡിജിപിക്ക് നിർദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.