കാട്ടാക്കട : കാറിലെത്തിയ സംഘം യുവതിയെ വാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുമായി കടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കാറിലെത്തിയ സംഘത്തിന്റെ ചില വിവരങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്.
കാർ കാട്ടാക്കട ഭാഗത്തേക്കാണ് പോയിരിക്കുന്നത്. ആ വഴിക്കും പോലീസ് അന്വേഷണം തിരിച്ചുവിട്ടു. മയക്കുമരുന്ന് ലോബിയുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കുളക്കോട്, മുണ്ടേല, കൂവക്കുടി എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപ്പന സ്ഥിരമാണെന്ന് പരക്കെ പരാതി വന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവും. ഇവർ മുഖം മൂടിയും ധരിച്ചിരുന്നു.
ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കുളക്കോട് തിങ്കളാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം.കുളക്കോട് സ്വദേശിയായ യുവതി യോഗാ പഠനത്തിനു പോകാനായി കുളക്കോട് ജംഗ്ഷനിൽ കൂട്ടുകാരി സ്കൂട്ടറിൽ വരുന്നതും കാത്തു നിൽക്കെയാണ് സംഭവം.
കാറിൽ എത്തിയ മൂന്നംഗ സംഘം യുവതി നിന്നതിനു സമീപം 50 മീറ്ററോളം അപ്പുറത്ത് കാർ നിർത്തുകയും രണ്ടുപേർ ഇറങ്ങിയ ശേഷം കാർ യുവതിയെ കടന്നു പോകുകയും ചെയ്തു.
ഇതിനിടെ യുവതിയുടെ അടുത്തെത്തിയ രണ്ടുപേർ വാൾ കാട്ടി ഭീഷണി പ്പെടുത്തി ആക്രമിക്കാൻ തുനിഞ്ഞു.
പേടിച്ചു ഓടാൻ തുടങ്ങിയ യുവതിയുടെ ഫോൺ സംഘത്തിൽ ഒരാൾ തട്ടിയെടുത്തു ഓടി മാറുകയും അകലെ നിർത്തിയിട്ടിരുന്ന കാറിൽ രക്ഷപ്പെടുകയും ചെയ്തു.
മാല പൊട്ടിച്ചെടുക്കാൻ പദ്ധതി ഇട്ടു എത്തിയതാണ് സംഘമെന്നും യുവതിയുടെ കഴുത്തിൽ കിടന്നത് നേരിയ മാല ആയതിനാൽ ശ്രമം ഉപേക്ഷിച്ചു മൊബൈൽ തട്ടിയെടുത്തത് ആകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്പെക്ടർ ഓഫ് പോലീസ് മഹേഷ്, സബ് ഇൻസ്പെക്ടർ ബി. രമേശ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.