ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ എൻഎച്ച്എം സെക്യൂരിറ്റി ജീവനക്കാരിയെ ജോലിയിൽനിന്നും ഒഴിവാക്കിയതായി പരാതി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാഷനൽ ഹെൽത്ത് മിഷനിലൂടെ സുരക്ഷാ ജീവനക്കാരിയായി മെഡിക്കൽ കോളജിൽ നിയമിതയായ അന്പലപ്പുഴ കരുമാടി രജിതാ ഭവനിൽ സമീക്ഷയെയാണ് ജോലിയിൽനിന്നും ഒഴിവാക്കിയത്.
ഇവർ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്പോൾ കഴിഞ്ഞ ആറിനു രാത്രിയിൽ 10.20നു ആംബുലൻസ് ഡ്രൈവർ മല്ലപ്പള്ളി സ്വദേശിയുടെ ഫോണിൽ നിന്നും ചാറ്റിംഗിന് താല്പര്യമുണ്ടോ എന്നു ചോദിച്ചു കൊണ്ട് ഫോണ് കാൾ വന്നുവെന്ന് പറഞ്ഞു ഇയാൾക്കെതിരെ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
സൂപ്രണ്ട് ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരം സമീക്ഷാ ഗാന്ധിനഗർ പോലീസിലും പരാതി നല്കി.
തുടർന്ന് പോലീസ് ഇരുവരെയും വിളിച്ച് എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ പരാതിയിൽ തീർപ്പാക്കുകയും ചെയ്തു. അതിനു ശേഷം ആർഎംഒയുടെ നിർദ്ദേശപ്രകാരം സെക്യൂരിട്ടി ഓഫീസർ ഇവരോടു ജോലിയിൽ തുടരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ സമീക്ഷയെക്കുറിച്ച് തൃപ്തികരമായ അഭിപ്രായമാണ് ലഭിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
എന്നാൽ തന്റെ ജോലി നഷ്ടപ്പെടാൻ കാരണക്കാരനായ ആംബുലൻസ് ഡ്രൈവർ സുരേഷിനെതിരെ നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ചു സമീക്ഷ ഡിജിപിയ്ക്കു പരാതി നല്കി.