ക്രൈസ്റ്റ് ചർച്ച് (ന്യൂസിലാൻഡ്): അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിനു കീഴടങ്ങി. ന്യൂസിലാൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ (33) എന്ന യുവതിയാണ് ഓക്ക്ലൻഡിലെ വീട്ടിൽ രോഗം മൂർച്ഛിച്ചു മരിച്ചത്.
എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
2015ലാണ് യുവതിക്ക് രോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്.
രോഗനിർണയത്തിൽ യുവതിക്ക് ചർമം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങൾ കാണിച്ചു.
എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടർമാർ സംശയിച്ചു. 5,000 പേരിൽ ഒരാൾക്കു ബാധിക്കുന്ന രോഗമായിരുന്നു യുവതിക്ക്.