കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മാധ്യമ വാർത്തകൾക്കെതിരെ മലയാള സിനിമയിലെ വനിതാകൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ്. കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ സംഘടന അഭിപ്രായപ്പെട്ടു.
വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലായെങ്കിൽ അത്തരം റിപ്പോർട്ടുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേ ഞങ്ങൾക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഒപ്പം സർക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.-കുറിപ്പിൽ പറയുന്നു.
അതിക്രമത്തിന് ഇരയായ നടിക്കെതിരായ പരാമർശങ്ങളെ അപലപിച്ച് നേരത്തെയും സംഘടന രംഗത്തെത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അതിക്രമത്തിനെ അതിജീവിച്ച വ്യക്തിയെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന തരത്തിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് നിയമവിരുദ്ധവും അപലപനീയവുമാണെന്ന് വിമൻ കലക്ടീവ് ചൂണ്ടിക്കാട്ടിയിരുന്നു.