പെൺകുട്ടിയെ കിട്ടാൻ അടുത്ത ദിവസംതന്നെ യുവാവ് കാറിൽ കണ്ണൂരിലെത്തി. വിളിച്ചപ്പോൾ ഫോണിൽ യുവതിതന്നെ. ഞങ്ങൾ പയ്യാന്പലത്ത് ഉണ്ടെന്നായിരുന്നു മറുപടി.
അക്കൗണ്ട് നന്പർ അയച്ചു തരാമെന്നും അതിലേക്കു പണമിടമെന്നും ആവശ്യപ്പെട്ടു. എങ്കിലേ പെൺകുട്ടിയെ കാണാൻ കഴിയൂ. യുവാവ് 10,000 രൂപ അക്കൗണ്ടിലേക്കു ഇട്ടു.
ബാക്കി 10,000 പെൺകുട്ടിയെ കണ്ടുകഴിഞ്ഞു നൽകാമെന്നും പറഞ്ഞു. പണം ഇട്ടതിന്റെ വിവരങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. തുടർന്നു യുവാവ് ഫോണിൽ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നു. പക്ഷേ, എടുക്കുന്നില്ല. വീണ്ടും വിളിച്ചു, സ്വിച്ച് ഓഫ്.
ഇതോടെ കബളിപ്പിക്കപ്പെട്ടെന്നു മനസിലായി. നേരെ പോലീസ് സ്റ്റേഷനിലെത്തി. ഫോൺ കോൾ വന്ന ലൊക്കേഷൻ മടിക്കേരിയിൽ ഉള്ളതാണെന്നു പോലീസ് കണ്ടെത്തി.
അക്കൗണ്ട് നന്പരും കർണാടകത്തിൽനിന്ന്.. പണം ഇങ്ങനെ നഷ്ടപ്പെട്ടവർ നിരവധി. എന്നാൽ, പലരും മാനഹാനി ഭയന്നു പറയുന്നില്ലെന്നു മാത്രം ഫേസ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ ഉപയോഗിച്ചു ഹണിട്രാപ്പിൽ ആളുകളെ കുരുക്കിലാക്കുന്നതിനെതിരേ ഹൈടെക്ക് ക്രൈം എൻക്വയറി സെൽ മുന്നറിയിപ്പ് നല്കുന്നുണ്ട്.
ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും അപരിചിതവുമായ പ്രൊഫൈലുകളിൽനിന്നു വരുന്ന ഫ്രണ്ട് റിക്വസ്റ്റുകളിൽ ജാഗ്രത പുലർത്തുക.
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചില ലോബികൾ ഇത്തരം തട്ടിപ്പുമായി ഇപ്പോൾ സജീവമാണെന്നും മാനഹാനിയും വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്നു പരാതി നൽകുന്നതിന് ആൾക്കാർ വിമുഖത കാണിക്കുന്നുണ്ടെന്നും ക്രൈം സെൽ മുന്നറിയിപ്പ് നല്കുന്നു.
തട്ടിപ്പ് രീതികൾ പലത്
ഫേസ്ബുക്കിൽ ആകർഷണീയമായ ചിത്രങ്ങളുള്ളതും അപരിചിതവുമായ പ്രൊഫൈലുകളിൽനിന്നു നിങ്ങൾക്കു ഫ്രണ്ട്സ് റിക്വസ്റ്റുകൾ വന്നേക്കാം.
നിങ്ങൾ അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ അംഗീകരിക്കുന്നതോടെ അവർ നിങ്ങളോടു മെസഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും വൈകാതെ നിങ്ങളുടെ വാട്സാപ്പ് നമ്പർ വാങ്ങിയെടുക്കുകയും ചെയ്യും.
ആപ്പ് വീഡിയോ
വാട്സാപ്പിലൂടെ ചാറ്റ് തുടങ്ങും. തുടർന്നു വീഡിയോ കോളും വിളിക്കും. ഇങ്ങനെ ആളുകളുടെ വിശ്വാസ്യത നേടിയ ശേഷം അശ്ലീല മെസേജുകൾ അയച്ചുതുടങ്ങും.
ഇതിൽ ഇര വീണെന്നുതോന്നിയാൽ തങ്ങളുടേതെന്നു പറഞ്ഞു അവർ നഗ്ന വീഡിയോകൾ പ്രദർശിപ്പിക്കും.
സത്യത്തിൽ അവർ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്നതാവും ഇത്. ഇതു കാണിച്ചു പ്രലോഭിപ്പിച്ചു നിങ്ങളുടെ നഗ്നത പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കും. ഇതിൽ വീണുപോയാൽ തീർന്നു.
നിങ്ങൾ വീഡിയോ കോളിലൂടെ നഗ്നത പ്രദർശിപ്പിക്കുന്നത് അവർ റിക്കാർഡ് ചെയ്തെടുക്കും. തുടർന്നു സ്നേഹം മാറി ഭീഷണിയാകും. അതു നിങ്ങളുടെ ബന്ധുക്കൾക്കും കുടുബക്കാർക്കും സുഹൃത്തുകൾക്കും അയച്ചുനൽകുമെന്നു ഭീഷണിപ്പെടുത്തി നിങ്ങളിൽനിന്നു പണം ആവശ്യപ്പെടും.
ഗൂഗിൾ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നൽകാൻ പറയും. പണം നൽകാൻ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകൾ യൂ ട്യൂബിലും മറ്റും അപ്ലോഡ് ചെയ്തു നിങ്ങൾക്കു മാനഹാനി വരുത്തും.
വലയിൽ വീഴ്ത്തിയേക്കാം
അപരിചിതമായ കേന്ദ്രങ്ങളിൽനിന്നു വരുന്ന റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യരുത്. സോഷ്യൽ മീഡിയയിൽ സ്വകാര്യ വിവരങ്ങൾ ജാഗ്രതയോടെ മാത്രം പങ്കുവയ്ക്കുക.
ഈ വിവരങ്ങൾ പിന്തുടർന്നു കുറ്റവാളികൾ നിങ്ങളെ വലയിൽ വീഴ്ത്തിയേക്കാം. കഴിവതും സോഷ്യൽ മീഡിയയിൽ വ്യക്തി വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുക.
ചതിക്കുഴികൾ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ചിന്തിക്കേണ്ടത് നിങ്ങളാണ്…! സോഷ്യൽ മീഡിയകളിൽ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോൾ നിങ്ങളെ ചതിക്കുഴികളിൽപ്പെടുത്തിയേക്കാം. ഇങ്ങനെയുള്ള ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കുക.
(അവസാനിച്ചു).
(കടപ്പാട്: ഹൈടെക്ക് ക്രൈം എൻക്വയറി സെൽ)