ഡേറ്റിങിനിടെ യുവാവിന് മയക്കുമരുന്ന് നൽകി കവർച്ച നടത്തി യുവതി രക്ഷപ്പെട്ടു. ഗുരുഗ്രാമിലാണ് സംഭവം. ഡേറ്റിങ്ങിനായെത്തിയ യുവതി വീട്ടിൽ വച്ച് മയക്കുമരുന്ന് നൽകിയ ശേഷം തന്റെ മൊബൈൽ ഫോണും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും കവർന്ന് വീട്ടിൽ നിന്നും മുങ്ങി. കൂടാതെ 1.78 ലക്ഷം രൂപ തട്ടിയെടുത്തതായും യുവാവിന്റെ പരാതി.
ബംബിൾ ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി പായൽ എന്നറിയപ്പെടുന്ന സാക്ഷി എന്ന സ്ത്രീയെ താൻ കണ്ടുമുട്ടിയതായി രോഹിത് ഗുപ്ത പറഞ്ഞു. തന്റെ വേരുകൾ ഡൽഹിയിലാണെന്നും ഗുരുഗ്രാമിലുള്ള അമ്മായിയുടെ കൂടെയാണ് ഇപ്പോൾ താമസിക്കുന്നതെന്നുമാണ് യുവതി പറഞ്ഞിരുന്നത്.
ഒക്ടോബർ 1 യുവതി തന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. രാത്രി 10 മണിയോടെ, സെക്ടർ 47 ലെ ഡോക്ക്യാർഡ് ബാറിന് സമീപം പിക്ക് ചെയ്യാൻ എന്നെ വിളിച്ചു. തുടർന്ന് അവളെ കൂട്ടി അടുത്തുള്ള കടയിൽ നിന്ന് കുറച്ച് മദ്യം വാങ്ങി വീട്ടിലേക്ക് വന്നെന്നും രോഹിത് പറഞ്ഞു.
ഇരുവരും വീട്ടിലെത്തിയ ശേഷം ഐസ് കൊണ്ടുവരാൻ അടുക്കളയിലേക്ക് രോഹിതിനെ യുവതി പറഞ്ഞയച്ചു. പിന്നാലെ മയക്കുമരുന്ന് കലർത്തിയ പാനീയം അയാൾക്ക് നൽകി. തുടർന്ന് ഒക്ടോബർ 3 ന് രാവിലെയാണ് രോഹിത് ഉണർന്നത്. യുവതി അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
ഇയാളുടെ സ്വർണ്ണ ചെയിൻ, ഐഫോൺ 14 പ്രോ, 10,000 രൂപ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ എന്നിവയും നഷ്ടപ്പെട്ടു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി 1.78 ലക്ഷം രൂപയും യുവതി തട്ടിയെടുത്തു. ഇപ്പോഴും ഒളിവിലുള്ള യുവതിക്കെതിരെ ചൊവ്വാഴ്ച സെക്ടർ 29 പോലീസ് സ്റ്റേഷനിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.